ഉടലും മനസ്സും കൊതിപ്പിച്ച സ്നേഹത്തിന്‍റെ
വിയര്‍പ്പില്‍ ഒട്ടിക്കിടന്നപ്പൊഴും
ആറിയ വിയര്‍പ്പില്‍ നിന്നാ സ്നേഹം മറ്റൊരു
ഉടലിനെത്തേടി അലഞ്ഞപ്പോഴും
അറിയാതെ തുടിച്ച പ്രണയ നാമ്പുകള്‍ നുള്ളിയെടുത്ത്
നുരയുന്ന ലഹരിയില്‍ തേടിയെത്തിയ കരങ്ങളില്‍
കുതറിയ മനസ്സും, ഇഴുകിയ ഉടലും
വഴിതെറ്റി വന്ന മാന്‍പേടയുടെ മിഴികള്‍ പോലെ
രണ്ടിടങ്ങളിലായി പാഞ്ഞു നടന്നു
നിഴലും നിലാവും ഇണ പിരിഞ്ഞതറിയാതെ
അവളുടെ നിദ്രകള്‍ പകലിനു കടം കൊടുത്തു
അണഞ്ഞ വെട്ടത്തില്‍ നിറഞ്ഞ മിഴികളില്‍
തിമിരം പടര്‍ന്നപ്പോള്‍ ഓര്‍ക്കാന്‍ മറന്ന
മുഖങ്ങളിലേതോ ഒന്നില്‍ നിന്നും പടര്‍ന്നു കേറിയ
വിഷത്തില്‍ നിന്നുമൊരു ബീജമവളിലേക്കു
ഇത്തിള്‍ക്കണ്ണി പോലെ തുളഞ്ഞിറങ്ങി
ഇന്നവള്‍ രാവുകളെ മറക്കുന്നത് പകയ്ക്കല്ല
അവളിലെ ജീവന്‍റെ വിശപ്പാറ്റുവാന്‍ മാത്രം
ഇവളും ഒരമ്മ, അവകാശം പറയാന്‍
ആരുമില്ലാത്തൊരു ഗര്‍ഭം പേറിയൊരമ്മ
"ഇന്നവൾ രാവുകളെ മറയ്ക്കുന്നത് പകയ്ക്കല്ല..
ReplyDeleteഅവളിലെ ജീവൻറെ വിശപ്പാറ്റുവാൻ മാത്രം.."
കവിത വളരെ നന്നായി..
കവിത വായിച്ചു
ReplyDeleteആശംസകള്‍