.

.

എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍....!!!

മൌനം


ഇടനെഞ്ചിലായെങ്ങോ മറഞ്ഞു കിടന്നൊരെ
കാന്ത ശയ്യയില്‍ ബന്ധിച്ചു വച്ചതും
ഇണ ചേരുവാന്‍ കൊതിച്ച വേനലും മഴയും
പോലകലേക്ക് മാഞ്ഞതും നിന്‍റെ മൌനം

വറ്റിവരണ്ട നാവൊരിറ്റു ദാഹ ജലത്തിനായ്‌
അതിലെയുമിതിലെയും അലയുന്നതു പോലെ
ഉമിയിലെരിയുന്ന തീക്കനല്‍പോലെ ഒരുവാക്കിനായ്
നിന്‍റെ ഹൃദയ കവാടതിങ്കല്‍ ഞാനലഞ്ഞു നടന്നു

തിരകളെ ചുംബിച്ച തീരവും, കാറ്റിനെ ചുംബിച്ച
ഇലകളും,മണ്ണിനെ ചുംബിച്ച മഴയും, രാവിനെ
ചുംബിച്ച നിലാവും മൌനം വെടിഞ്ഞ്
കൈകോര്‍ത്തകലേക്കു നടന്നകലുമ്പോള്‍

നീ മാത്രമേന്തെ ഇന്നുമെന്നില്‍ നിന്ന് ദൂരേക്ക്‌
മാറി പാടാന്‍ മറന്ന കുയിലിനെ പോലെ
ഏകാകിയായി ഒഴുകിയെത്തിയ കാറ്റ് പോലെ
മൌനം കൊണ്ടെന്‍ ഹൃദയം കീറിമുറിപ്പൂ സഖീ
Thursday, July 31, 2014

പേരിടാത്ത കഥ


ഞാന്‍ സ്വപ്നം കാണുകയാണോ അതോ യാഥാര്‍ത്ഥ്യമോ , അറിയില്ല എന്‍റെ കണ്ണുകളില്‍ ഇരുട്ടാണ്‌ പക്ഷെ എന്‍റെ ചുറ്റിനും ആരൊക്കെയോ ഉണ്ട്, അവരെന്തോക്കെയോ സംസാരിക്കുന്നു, എനിക്കത് അവ്യക്തമായി  കേള്‍ക്കാം .
അതെ എന്നെ ആരൊക്കെയോ ചേര്‍ന്ന് പൊക്കിയെടുത്തു എവിടെയോ കിടത്തി അപ്പോള്‍ എനിക്ക് മനസിലായി ഞാനേതോ വണ്ടിയിലാണ് . കാരണം അതെന്നെയും കൊണ്ട് നീങ്ങി തുടങ്ങിയിരുന്നു. അതെ എനികെന്തോ സംഭവിച്ചിരിക്കുന്നു പക്ഷെ എന്താണ്..........?  അറിയില്ല....!

പിന്നീട് ആരൊക്കെയോ എന്നെ എടുത്തു വേറൊരു സ്ഥലത്ത് കിടത്തി, അതെ അതൊരു ആംബുലന്‍സ് ആണ്. അതിന്റെ ശബ്ദം എന്‍റെ കാതുകളില്‍ മുഴങ്ങുന്നു , മരണത്തിന്റെ സൈറന്‍ പോലെ. പിന്നീട് എന്നിലെ ബോധം ഞാനെത്ര പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിട്ടും അതെന്നെ വിട്ടു പതുക്കെ പോയ്ക്കൊന്ടെയിരുന്നു. ഇപ്പോള്‍ ഞാന്‍ വേറൊരു ലോകത്താണ് . അവിടെ ആരെയൊക്കെയോ എനിക്ക് കാണാം. അവരില്‍ ചിലര്‍ എന്നെ അവരുടെ അരികിലേക്ക് മാടി വിളിക്കുന്നു . ഇടയ്ക്കു എനിക്കാ ബോധം തിരിച്ചു ലഭിക്കുമ്പോള്‍. എന്‍റെ തലയില്‍ ഒരു തരം മരവിപ്പ് മാത്രം. പിന്നെയും ഞാനാ അത്ഭുത ലോകത്തിലേക്ക്‌ പോയി. പിന്നീടു ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ ഞാനൊരു ആശുപത്രിയില്‍ ആയിരുന്നു . അന്ന് ഞാനെന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ എന്ന് കരുതിയവര്‍ എന്‍റെ ചുറ്റിലും നിന്നിരുന്നു.

അതെ എനികെന്തോ അപകടം പറ്റിയിരിക്കുന്നു . എന്നെ അവര്‍ ഒപ്പെരെഷന്‍ റൂമിലേക്ക്‌ കൊണ്ടുപോയി. പിന്നീട് ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ I.C.U യില്‍ ആണ് . അപ്പോളാണ് എനിക്ക് മനസിലായത് എനിക്കെന്റെ കൈകളും കാലുകളും അനക്കുവാന്‍ പറ്റുന്നില്ല. അതെ ആ അപകടത്തില്‍ എന്‍റെ നട്ടെല്ലിനു ക്ഷതം പറ്റിയിരിക്കുന്നു. ഞാനൊരു paralyzed  രോഗിയയിരിക്കുന്നു എന്നെനിക്കു മനസിലായി . എന്നെ കാണാന്‍ ഞാന്‍ സ്നേഹിക്കുന്ന പലരും വന്നു. അവരൊക്കെ എന്നെ ആശ്വസിപ്പിച്ചു . പിറ്റേ ദിവസം അവരെന്നെ റൂമിലേക്ക്‌ മാറ്റി. അവിടെയും എനിക്കെല്ലാവരും ഉണ്ടായിരുന്നു . എനിക്ക് മനസിലായി എനിക്കെല്ലാം നഷ്ടപ്പെട്ടുവെന്നു , എന്നിട്ടും ഞാന്‍ കരഞ്ഞില്ല.

ഒരു മാസം കഴിഞ്ഞു അവിടെ നിന്നും ഞാന്‍ നാട്ടിലേക്ക് പോന്നു. പിന്നെയും എത്രയെത്ര ആശുപത്രികള്‍ , ചികിത്സകള്‍ ഒന്നും ഫലം കണ്ടില്ല . ആദ്യമൊക്കെ എന്നോടൊപ്പം ഉണ്ടായിരുന്നവര്‍ , എന്നെയോര്‍ത്ത് കരഞ്ഞിരുന്നവര്‍, എന്നെ ആശ്വസിപ്പിചിരുന്നവര്‍, എന്നെ സ്നേഹിച്ചിരുന്നവര്‍ . അവര്‍ ഓരോരുത്തരായി പതുക്കെ എന്നില്‍ നിന്നും അകലാന്‍ തുടങ്ങി . അങ്ങനെ നീണ്ട രണ്ടര വര്ഷം . ഇന്നും ഞാന്‍ ജീവിക്കുന്നു ഈ ഇടുങ്ങിയ മുറിയില്‍. ഇന്ന് എന്നെ കാണാന്‍ വരുന്നവരുടെ മുഖത്ത് . പണ്ടത്തെ സ്നേഹത്തിന്റെയും സഹതാപതിന്റെയും പകരം ഞാന്‍ കണ്ടത് പുച്ചവും അവഗണനയുമാണ്.

ഇന്നും ഞാന്‍ പരിചയപ്പെടുന്നു പലരെയും . അവരില്‍ ചിലര്‍ ഇപ്പോളും എന്നെ സ്നേഹിക്കുന്നു . മറ്റുള്ളവര്‍ ഒരു രോഗിയെ തന്റെ സ്നേഹിതനാക്കാന്‍ താല്പര്യമില്ലാത്ത രീതിയില്‍ പതുക്കെ തലയൂരുന്നു.  ഇന്നീ ലോകത്തില്‍ എല്ലാത്തിനും തീ പിടിച്ച വിലയാണ് . അത് കൂടി കൊണ്ടേയിരിക്കുന്നു . പക്ഷെ ഇന്നീ ലോകത്തില്‍ ഏറ്റവും വില പിടിച്ച വസ്തു സ്നേഹം എന്ന വികാരമാണ് . പണമുണ്ടോ അവനെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും ആളുകളുടെ തിരക്കാരിക്കും. പണമില്ലാതവനെ തെരുവിലേക്ക് വലിച്ചെറിയാനും. ഞാന്‍ ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി ജീവിക്കണം അറിയില്ല. ഞാനെന്നും പ്രതീക്ഷിക്കുന്ന ആ ക്ഷണിക്കാത്ത അതിതിക്ക്  പോലും എന്നെ വേണ്ട . അതെ മരിക്കുവാനും വേണം ഒരു ഭാഗ്യം..............................
!!!.... ഇനി നിങ്ങള്ക്ക് പേരിടാം എന്റെയീ കഥയ്ക്ക് ....!!!

Sunday, July 27, 2014

വിശപ്പ്‌


ഇതള്‍ കൊഴിഞ്ഞുവീണ തണ്ടില്‍ നിന്നിറ്റു വീഴുന്ന
കറ പോലവന്‍റെ മിഴികള്‍ നിറഞ്ഞൊഴുകി
ചിതറിക്കിടന്ന എച്ചില്‍ പാത്രം തുടച്ചുനക്കിയ നായ-
യുടെ ആര്‍ത്തി പോലവനെ വിശപ്പ്‌ കാര്‍ന്നു തിന്നു

മറവിയിലലിഞ്ഞ നീര്‍ക്കുമിള പോലവന്‍റെ ഓര്‍മ്മകള്‍
ചിതറിത്തെറിച്ചു എവിടെക്കോ മായ്ഞ്ഞു പോയി
ഒട്ടിയ വയറും, വറ്റിയ നാവും, ഒഴിഞ്ഞ മനസും
വിശപ്പിന്‍റെ വിഴുപ്പുഭാണ്ഡം അവന്‍റെ ചുമലിലേറ്റി

ഇന്ന് സ്വപ്നങ്ങലവനെ ഭ്രമിപ്പിച്ചില്ല, മഴയവനെ
ചിരിപ്പിച്ചില്ല കാറ്റവനെ മോഹിപ്പിച്ചുമില്ല
അവനപ്പോള്‍ ഒഴുകിയിറങ്ങിയ മിഴിനീര്‍ നുണ
ഞ്ഞിറക്കി ജീവനെ മുറുക്കെ പുണരുകയായിരുന്നു
Tuesday, July 1, 2014

എന്തിന് സഖീ....?


എഴുതാന്‍ കൊതിച്ചോരാ വാക്കുകളിലെങ്ങോ
മാഞ്ഞു തുടങ്ങിയതോയെന്‍റെ സ്വപ്നം
കാണാന്‍ കൊതിച്ചോരാ ഇടവഴിയിലെങ്ങോ
ഓടി മറഞ്ഞതോയെന്‍റെ നഷ്ട്ടം

നീയൊരുവാക്ക് പറയാതെ ഓടിയകന്നും
ഒരുരുനോക്ക് നോക്കാതെ തേടിയലഞ്ഞും
പരിഭവം കൊണ്ടെന്‍റെ ഹൃദയത്തിലെങ്ങോ
മറഞ്ഞിരുന്നത് നോവിന്‍റെ വിത്ത് വിതക്കാനോ

രാവിന്‍റെ ഈണമായി മൂളിയ രാപ്പാടീ
നീയെന്തിനു വേണ്ടി മിഴിനീര്‍ പൊഴിച്ചു
നീയുമെവിടെയെന്നോര്‍ത്ത് കരഞ്ഞു തളര്‍-
ന്നുവോ പ്രാണന്‍റെ നോവാകും നിന്‍റെ സഖി

മരണമാം സന്ധ്യയെ പുല്‍കി രാവിന്‍റെ
മാറിലായി എരിഞ്ഞടങ്ങാന്‍ കൊതിച്ച
ഞാനെന്തിനു വീണ്ടുമീ പുലയിലൊരു
പാഴ്ക്കിനാവായി പുനര്‍ജനിച്ചു

അറിയില്ല സഖീ എന്തിനെന്നെങ്കിലും എന്‍റെ
ഹൃദയമിടിപ്പൂ നിന്നിലലിയാന്‍ മാത്രം
മരണമായെങ്കിലും വരില്ലേ നീയൊരിക്കലെന്‍
ചാരത്തണഞ്ഞെന്നെ എതിരേല്‍ക്കുവാന്‍
Friday, June 27, 2014

ഇവളും ഒരമ്മ


ഉടലും മനസ്സും കൊതിപ്പിച്ച സ്നേഹത്തിന്‍റെ
വിയര്‍പ്പില്‍ ഒട്ടിക്കിടന്നപ്പൊഴും
ആറിയ വിയര്‍പ്പില്‍ നിന്നാ സ്നേഹം മറ്റൊരു
ഉടലിനെത്തേടി അലഞ്ഞപ്പോഴും
അറിയാതെ തുടിച്ച പ്രണയ നാമ്പുകള്‍ നുള്ളിയെടുത്ത്
നുരയുന്ന ലഹരിയില്‍ തേടിയെത്തിയ കരങ്ങളില്‍
കുതറിയ മനസ്സും, ഇഴുകിയ ഉടലും
വഴിതെറ്റി വന്ന മാന്‍പേടയുടെ മിഴികള്‍ പോലെ
രണ്ടിടങ്ങളിലായി പാഞ്ഞു നടന്നു
നിഴലും നിലാവും ഇണ പിരിഞ്ഞതറിയാതെ
അവളുടെ നിദ്രകള്‍ പകലിനു കടം കൊടുത്തു
അണഞ്ഞ വെട്ടത്തില്‍ നിറഞ്ഞ മിഴികളില്‍
തിമിരം പടര്‍ന്നപ്പോള്‍ ഓര്‍ക്കാന്‍ മറന്ന
മുഖങ്ങളിലേതോ ഒന്നില്‍ നിന്നും പടര്‍ന്നു കേറിയ
വിഷത്തില്‍ നിന്നുമൊരു ബീജമവളിലേക്കു
ഇത്തിള്‍ക്കണ്ണി പോലെ തുളഞ്ഞിറങ്ങി
ഇന്നവള്‍ രാവുകളെ മറക്കുന്നത് പകയ്ക്കല്ല
അവളിലെ ജീവന്‍റെ വിശപ്പാറ്റുവാന്‍ മാത്രം
ഇവളും ഒരമ്മ, അവകാശം പറയാന്‍
ആരുമില്ലാത്തൊരു ഗര്‍ഭം പേറിയൊരമ്മ
Sunday, May 11, 2014

ഇതിന് പേരിടാന്‍ എനിക്കറിയില്ല!!

ചിലരെയൊക്കെ ആദ്ദ്യമായി കാണുമ്പോള്‍, ചിലരോടൊക്കെ സംസാരിക്കുമ്പോള്‍, ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍, ചില ദിവസങ്ങളിലെ സായാഹ്നങ്ങള്‍ തഴുകി കടന്നുപോകുമ്പോള്‍, ചില വഴിയോരങ്ങളില്‍ കൂടി ഒറ്റയ്ക്ക് നടക്കുമ്പോള്‍, ചിലര്‍ നമ്മളോട് വഴക്കിടുമ്പോള്‍, ചില രാത്രികളില്‍ മാനം നോക്കി നക്ഷത്രങ്ങള്‍ എണ്ണി കിടക്കുമ്പോള്‍, ചില വേദനകളില്‍ ആശ്വാസം പകരുന്ന വാക്കുകള്‍ നമ്മെ തേടിയെത്തുമ്പോള്‍

നിങ്ങള്‍ക്ക് തോന്നാറില്ലേ നിങ്ങള്‍ ഒറ്റക്കല്ലയെന്നു, എനിക്ക് തോന്നാറുണ്ട് വളരെ ചുരുക്കമായി ആ ചിലതൊക്കെ എന്നെ തേടി വരുമ്പോള്‍. പക്ഷെ അവയൊക്കെ ആയുസ്സെത്താതെ കണ്ണടക്കുമ്പോള്‍ ഞാന്‍ വീണ്ടും നോക്കെത്താ ദൂരത്ത്‌ കണ്ണും നാട്ടിരിക്കാറുണ്ട് ഇനിയൊരിക്കലും തിരിച്ചു വരാത്ത ചിലതിനുവേണ്ടി
Saturday, April 5, 2014

മഴവരും വഴിയില്‍


മഴ വരും വഴിയെ കിലുങ്ങിയ നിന്‍
കൊലുസിന്‍റെ മണികളുടെ നാദം പോല്‍
ചിന്നിച്ചിതറിയ മഴത്തുള്ളികളെന്‍ ഹൃദയ-
ത്തിലൊരു പാട്ടിന്‍റെ ഈണമായി തെന്നിക്കളിച്ചു

കടക്കണ്ണെറിഞ്ഞ നിന്‍ മിഴികളിലെയഗ്നി
പോലൊരു കൊള്ളിയാനെന്‍റെ ഇടനെഞ്ചിലേ-
ക്കെയ്ത ശരമായാ മഴയുടെ നോട്ടവുമറിയാതെ
പൊഴിഞ്ഞ നിന്‍ പുഞ്ചിരിയുമെന്നെ ഭ്രാന്തനാക്കി

മഴ പൊഴിച്ച കണ്ണുനീര്‍ തളം കെട്ടിയ നിന്‍
കാല്‍പ്പാടുകളോരോ യുഗം പോലെന്നില്‍
നിന്നുമോടി മറയവേ പിന്‍വിളിക്കായി
കൊതിച്ച മനസതില്‍ മുങ്ങിത്താണുപോയ്

അപ്പോഴങ്ങു ദൂരെ നിന്നൊരു രാക്കിളി തന്‍റെ
തകര്‍ന്ന കൂടിനെനോക്കി നെടുവിര്‍പ്പിടവേ
നനഞ്ഞൊട്ടിയ ചിറകുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച
കുരുന്നുകളടുത്ത മഴക്കായകലേക്ക് കാതോര്‍ത്തു
Thursday, April 3, 2014

സോമന്‍റെ വെള്ളമടി

സോമന്‍ ക്രിസ്ത്മസിന്‍റെ തലേന്ന് ആണ്ടുകുമ്പസാരം നടത്താന്‍ പള്ളീലെത്തി.

സോമന്‍റെ കുമ്പസാരം മൊത്തം കേട്ട് വായും പൊളിച്ചിരുന്ന പാവം അച്ഛന്‍ ഇറങ്ങി വന്നപ്പോള്‍ കടുവാക്കൂട്ടില്‍ എത്തിപ്പെട്ട സിംഹത്തിന്‍റെ അവസ്ഥയാരുന്നു

അല്ലേ ആ ഉപമ വേണ്ട ''നിയമസഭയില്‍ അറിയാതെ ചെന്നുകയറിയ ഒരു സാധാരണക്കാരന്‍റെ അവസ്ഥ'' ആരുന്നു

ഒടുവില്‍ അച്ഛന്‍ സോമനെ അടുത്തു വിളിച്ചു ഉപദേശിച്ചു

അച്ഛന്‍ : മോനെ സോമാ, നീയിനി മദ്യപിക്കരുത്.

സോമന്‍ : വെള്ളമടിചില്ലേ എന്‍റെ കയ്യും കാലും വിറക്കും അച്ചോ.

അച്ഛന്‍ : എങ്കില്‍ എന്നും വിളക്ക് വെക്കുമ്പോ ഒരു കപ്പ് കള്ളുകുടിച്ചോ സോമാ. അങ്ങനെ പതിയെ പതിയെ നിര്‍ത്താലോ.

സോമന്‍ : ആയിക്കോട്ടെ അച്ചോ ഡീല്‍.

അച്ഛന്‍ : അതെന്നാ സോമാ അവസാനം ''ഡീല്‍'' എന്ന് പറഞ്ഞെച്ചു കൈ മോളിലേക്ക് പൊക്കി കാണിച്ചേ.

സോമന്‍ : അതുപിന്നെ ഏഷ്യാനെറ്റില്‍ എന്നും വൈകിട്ട് ഒരു പെങ്കൊച്ചു വന്നിങ്ങനെ പോക്കിക്കനിക്കാറുണ്ട് അച്ചോ.

അച്ഛന്‍ : അച്ഛന്‍ ഒന്നും മനസിലാകാതെ പിന്നെയും വാ പൊളിച്ചു തലയാട്ടി റ്റാ റ്റാ പറഞ്ഞു.

അങ്ങനെ എന്നും സന്ധ്യക്ക്‌ വിളക്ക് കത്തിക്കുമ്പോ ഒരു കപ്പ് കള്ളുകുടിച്ചോളാന്‍ അച്ഛന്‍ പറഞ്ഞുവിട്ട സോമന്‍റെ വീട്ടില്‍ പിന്നെ വിളക്ക് അണഞ്ഞിട്ടെ ഇല്ല................
Thursday, January 30, 2014

പ്രണയം


പ്രണയം എന്തിനോടും ആകാം. സ്നേഹത്തില്‍ ചാലിച്ച ആരാധന എന്തിനോടു തോന്നിയാലും അതിനെ പ്രണയം എന്ന് വിളിക്കാന്‍ ഞാനാഗ്രഹിക്കുന്നു അങ്ങനെയെങ്കില്‍ ഞാന്‍ എന്‍റെ വരികള്‍ക്ക് ജീവന്‍ നല്‍കുന്ന അക്ഷരങ്ങളെ പ്രണയിക്കുന്നു.

കാരണം എന്‍റെ വരികളിലൂടെ ഞാന്‍ എന്‍റെ മനസിനെ സ്വതന്ത്രമാക്കുന്നു . ഒരു നീര്‍കുമിള പോലെ ഭാരമില്ലാതെ ഒഴുകി നീങ്ങുന്ന എന്‍റെ മനസിനെ ഒരുപാട് സ്നേഹിക്കുന്ന എന്‍റെ വരികള്‍ക്ക് ജീവന്‍ നല്‍കുന്ന അക്ഷരമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു. നിന്നോടലിയാന്‍ കാത്തിരിക്കുന്നു.

എങ്കിലും എന്തെ നീയെന്നോടിപ്പോ അകല്‍ച്ച കാണിക്കുന്നു. ഒരിക്കല്‍ക്കൂടി എന്‍ വിരല്‍തുമ്പിലൂടെ വരില്ലേ നീയെനിക്കായ്.....?
Wednesday, January 15, 2014

മഞ്ഞുതുള്ളിയും തളിരിലയും

-നാളെ നേരം പുലരുമ്പോള്‍ വെളിച്ചത്തെ ഭയന്ന് ദൂരേക്ക്‌ ഓടിയകലുന്ന എന്‍റെ സ്വപ്‌നങ്ങള്‍ എന്നെ നോക്കി നെടുവീര്‍പ്പിടുമ്പോള്‍ അങ്ങകലെ തൊടിയിലെ കുഞ്ഞു മാവിന്‍ കൊമ്പിലെ തളിരിലയെ പുല്‍കുന്ന മഞ്ഞുതുള്ളിയോടു എനിക്കെന്നും അസൂയ തോന്നാറുണ്ട്.-

-ആരെയും ഭയക്കാതെ, ഒരല്‍പം പോലും കളങ്കം ഏശാതെ അവരങ്ങനെ പ്രണയിക്കുമ്പോള്‍ മഞ്ഞുതുള്ളി അറിയുന്നില്ല തനിക്കായി വെറും നിമിഷങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന്. -

-വെയിലുദിക്കുന്ന നേരം വരെ തളിരിലയെ പുണര്‍ന്ന് ചുംബിച്ചു മഞ്ഞുതുള്ളി സ്വയം അലിഞ്ഞ് ഇല്ലാതാകുമ്പോള്‍ നഷ്ട്ടപ്രണയത്തെ തേടിയലയുന്ന തളിരിലയെ തേടി അവള്‍ നാളത്തെ പ്രഭാതത്തില്‍ വീണ്ടും പുനര്‍ജനിക്കും.-
-----------------
!! നിലാമഴ !!
- Jobin
Saturday, January 4, 2014

2013ഏ നിന്നോട് വിട


-2103 എന്‍റെതായിരുന്നു, പക്ഷെ 2103ന് എന്നെ  വേണ്ടായിരുന്നു. ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടിയ വര്‍ഷം. ഒരുപാട് മോഹങ്ങള്‍ എന്നെ പുല്‍കിയ വര്‍ഷം. പക്ഷെ വാടിക്കൊഴിഞ്ഞു വീഴുന്ന ഡിസംബര്‍ 31 ലെ രാവിനൊപ്പം അവയോരോന്നും വെട്ടി തീയിലെറിയപ്പെടും.-

-നിത്യ ദുഖങ്ങുളുടെ മീതെ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി ഞാന്‍ കാത്തിരുന്നത് ആര്‍ക്കുവേണ്ടിയാണെന്നു ഇന്നും അറിയില്ല, പക്ഷെ എന്‍റെ കണ്ണെത്താ ദൂരത്തോളം വിജനമായിരുന്നു. വാടിത്തളര്‍ന്ന പുല്‍ക്കൊടിപോലെ എന്‍റെ ഹൃദയം കാലത്തിനൊപ്പം ഓടിക്കൊണ്ടിരുന്നു.-

-മഴയില്‍ ചാലിച്ച പുഞ്ചിരിയായും, എരിയുന്ന വേനലില്‍ ഒരിറ്റു ദാഹജലമായും, ഡയറി താളുകളിലൂടെ എനിക്ക് പുതിജീവനേകിയവരായും, ഇടവഴിയില്‍ വച്ച് കൂട്ട് പിരിയുന്നവരായും പലരും എന്നിലേക്കെത്തി നോക്കി. അവരില്‍ ഭൂരിഭാഗവും ഒരുവാക്കുപോലും മിണ്ടാതെ  ദൂരെ മറഞ്ഞു. ചിലരെന്‍റെ വീഴ്ച്ചക്കായിന്നും എവിടെയൊക്കെയോ പതിയിരിക്കുന്നു-

-എന്നെ സ്നേഹിക്കുന്നവര്‍ക്കും, ഞാന്‍ സ്നേഹിക്കുന്നവര്‍ക്കും. എന്നെ വേദനിപ്പിച്ചവര്‍ക്കും, ഞാന്‍ വേദനിപ്പിച്ചവര്‍ക്കും. എന്നെ വെറുക്കുന്നവര്‍ക്കും, ഞാന്‍ വെറുക്കുന്നവര്‍ക്കും. എന്നെ കാത്തിരിക്കുന്നവര്‍ക്കും, ഞാന്‍ കാത്തിരിക്കുന്നവര്‍ക്കും അടുത്ത വര്‍ഷത്തില്‍ എന്നെ കാത്തിരിക്കുന്ന ജ്വലിക്കുന്ന വിധിയെക്കുറിച്ചുള്ള തിരിച്ചറിവോടെ പുതുവത്സരാശംസകള്‍ നേരുന്നു.-

-വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഞാന്‍ വേദനിപ്പിചിട്ടുള്ളവര്‍ എന്നോട് ക്ഷമിക്കുന്ന പ്രതീക്ഷയോടെ 2103നോട് എന്നെന്നേക്കുമായി വിട പറയുന്നു.-
Tuesday, December 31, 2013

എന്‍റെ ക്രിസ്ത്മസ്


-അങ്ങനെ എന്‍റെ 26-മത്തെ ക്രിസ്ത്മസും വരവായി. പണ്ട് കുട്ടിക്കാലത്ത് ഡിസംബര്‍ മാസം രാവിലെ എണീക്കുക എന്നത് ഒരുപാട് മടിയുള്ളൊരു കാര്യമായിരുന്നു. പക്ഷെ അതിലും മടി ആ അസ്ഥിയിലേക്ക് കുത്തിയിറങ്ങുന്ന തണുപ്പില്‍ കുളിക്കുക എന്നതായിരുന്നു. കുളിച്ചു യൂണീഫോം ഒക്കെയിട്ട് സ്കൂളില്‍ പോകുമ്പോള്‍ ഉള്ളം കയ്യൊക്കെ തണുത്ത് മരവിചിരിക്കും, ഇടയ്ക്കു വീണുകിട്ടുന്ന ഇളം വെയിലില്‍ പോകാന്‍ മടിച്ചു നില്‍ക്കുന്ന കാമുകിയെപ്പോലെ എന്നെ പുണരുന്ന കുളിരിനോടൊട്ടി കുറച്ചു നേരം അങ്ങനെ നില്‍ക്കുമാരുന്നു-

-പരീക്ഷയൊക്കെ കഴിഞ്ഞു ക്രിസ്ത്മസിനു മുന്നേ ഉള്ള ദിവസങ്ങള്‍ അന്നത്തെ എന്‍റെ സ്വര്‍ഗമായിരുന്നു, ക്രിസ്ത്മസ് തലേന്ന് രാവിലെ ചന്തക്ക് പോകും പിന്നെ ഇറച്ചി കടയുടെ മുന്നിലെ നീണ്ട ക്യൂവിലുള്ള നില്‍പ്പാണ്, ചിലപ്പോള്‍ മണിക്കൂറുകളോളം നിക്കേണ്ടി വരും. അതുകഴിഞ്ഞ് കള്ളപ്പം ഉണ്ടാക്കാനുള്ള കള്ളു വാങ്ങാനായി ഒരല്‍പം പേടിയോടെ കള്ളുഷാപ്പിലേക്കുള്ള പോക്ക്-

-അതുകൊണ്ട് വീട്ടില്‍ കൊടുത്ത് വീണ്ടും ടൌണിലേക്ക് ഓടും, പടക്കങ്ങളും , കമ്പിത്തിരികളും, മത്താപ്പൂവും, പുല്‍ക്കൂട്ടില്‍ തൂക്കാനുള്ള ബലൂണുകളും ഒക്കെ വാങ്ങി പോയതിലും സ്പീഡില്‍ വീട്ടില്‍ തിരിച്ചെത്തും-

-ഈറ്റ കമ്പുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ പുല്‍ക്കൂട്‌ അപ്പുറത്തെ പശു ഉള്ള വീട്ടില്‍ നിന്നും മേടിച്ച കച്ചി പുല്ലു കൊണ്ട് മേയും, പുല്‍ക്കൂട്ടിനുള്ളില്‍ മണല് വിതറി പ്ലാസ്റ്റിക് കൂട് കൊണ്ട് അരുവിയുണ്ടാക്കി ഉണ്ണിയെശുവിനെയും, മാതാവിനെയും, ഔസേപ്പിതാവിനെയും, ആടുകളെയും ആട്ടിടയന്മാരെയുമൊക്കെ അതാതു സ്ഥാനങ്ങളില്‍ വെക്കും. മാലാഖയെ നൂലില്‍ കെട്ടിതൂക്കിയിടും. പിന്നീട് മേടിച്ച ബലൂണ്‍ വീര്‍പ്പിച്ചു എല്ലായിടത്തും തൂക്കും-

-ഒരിടത്ത് മിന്നുമ്പോള്‍ അപ്പുറത്ത് കെടുന്ന ബള്‍ബുകള്‍ കൊണ്ട് പുല്‍ക്കൂടും അതിനടുത്തായി കമ്പികളില്‍ പടര്‍ന്നു കയറിയ എവര്‍ഗ്രീന്‍ ചെടിയും അലങ്കരിക്കും, രാത്രിയാകുമ്പോള്‍ ഇടയ്ക്കിടക്ക് ഞാനുണ്ടാക്കിയ പുല്‍ക്കൂടിനു മുന്നില്‍ ചെന്ന് നിന്ന് അതിന്‍റെ സൌന്ദര്യം ആസ്വദിക്കുമ്പോള്‍ കിട്ടിയിരുന്ന ആ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല-

-പിന്നെ മേടിച്ച പടക്കങ്ങള്‍ പൊട്ടിച്ചു തീര്‍ക്കുകയാണ് അടുത്ത ജോലി, അതിലും ഞാന്‍ തന്നെയായിരുന്നു മുന്നില്‍. അതിനടയില്‍ ചെണ്ടയും കൊട്ടി പാട്ടും പാടി വരുന്ന കാരോള്‍ സന്‍ഖത്ത്തിലെ ക്രിസ്ത്മസ് അപ്പൂപ്പനെ ഇമ വെട്ടാതെ നോക്കി നിക്കും, വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞു നില്‍ക്കുന്ന പുല്‍ക്കൂടും, തണുപ്പും, പൊട്ടിതീര്‍ന്ന പടക്കങ്ങളുടെ ചിതറി കിടക്കുന്ന അവശിഷ്ട്ടങ്ങളും, അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന അവയുടെ വെടിമരുന്നിന്‍റെ ഗന്ധവും എല്ലാം എല്ലാം ഒരോര്‍മ്മ മാത്രമായി-

-ഇന്ന് പുല്‍ക്കൂടും, ക്രിസ്ത്മസ് ട്രീയും എന്തിനേറെ നമ്മളടക്കം റെഡിമെയിഡ് ആണ്. ക്രിസ്ത്മസ് രാവുകളില്‍ തണുപ്പിനു പകരം കൊടും ചൂടാണ്. എല്ലാം യാന്ത്രികമായി ആഘോഷിച്ചു എന്ന് വരുത്തി തീര്‍ക്കാനുള്ള നെട്ടോട്ടവും. ഇന്ന് ഒരു കുപ്പി കള്ളിലും ഫേസ്ബുക്കിലുമാണ് നമ്മുടെ ക്രിസ്ത്മസ് ആഘോഷങ്ങള്‍-

-എന്തായാലും എല്ലാവര്‍ക്കും എന്‍റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളില്‍ കുതിര്‍ന്ന റെഡിമെയിഡ് ക്രിസ്ത്മസ് ആശംസകള്‍-
Monday, December 23, 2013

ടിന്റുമോന്‍റെ ആത്മഹത്യ


-പെണ്ണുങ്ങളുടെ മാനം കളയാതെ ഒടുവില്‍ ടുണ്ടുമോള്‍ ടിന്റുമോനെ വിട്ടു വേറൊരുത്തന്‍റെ കൂടെ പോയി. ഇതറിഞ്ഞ ടിന്റുമോന്‍ ആണുങ്ങളുടെ മാനം കളയാതെ ഒടുക്കത്തെ നിരാശയില്‍ തൂങ്ങി വെള്ളമടിച്ചു സമയം തള്ളി നീക്കുന്ന കാലം-

-ഒരു ദിവസം സ്വാമി അടിച്ചു നിരാശയില്‍ ലയിച്ചിരുന്ന ടിന്റുമോന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ എങ്ങനെ മരിക്കും എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ആയ ടിന്റുമോനോട് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടു ചോദിക്കാന്‍ തലക്കുള്ളിലുള്ള ''സ്വാമി'' ഉപദേശിച്ചു-


-ടിന്റുമോന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ പോസ്റ്റി-

-''സുഹൃത്തുക്കളെ ഒടുവില്‍ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു ആരെങ്കിലും എനിക്ക് എളുപ്പത്തില്‍ മരിക്കാനുള്ള വഴി പറഞ്ഞുതരാമോ..........?''-

--

--

-ടിന്റുമോനു 395 ഫേസ്ബുക്ക്‌ സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും ഇതേവരെ ഒരൊറ്റ ലൈക്കും കമ്മന്റും കിട്ടാത്ത ടിന്റുമോന്‍റെ ഈ പോസ്റ്റിനു ചട പടാ ലൈക്കും കമന്റും വീഴാന്‍ തുടങ്ങി-

-കണ്ണടച്ച് തുറക്കുന്നതിന് മുന്നേ നോട്ടിഫിക്കേഷന്‍ ലിസ്റ്റില്‍ 396 നോട്ടിഫിക്കേഷന്‍ കണ്ടു ഞെട്ടിയ ടിന്റുമോന്‍ അത് തുറന്നു നോക്കിയപ്പോള്‍ 395 ഫ്രണ്ട്സും വൈവിധ്യമാര്‍ന്ന ആത്മഹത്യാ രീതികള്‍ സന്തോഷത്തോടെ ദോണ്ടെ :D <-- ഈ സ്മൈലൈ ഇട്ടു വര്‍ണ്ണിച്ചിരിക്കുന്നത് വായിച്ചു മടുത്ത ടിന്റുമോന്‍ അവസാനത്തെ കമന്റ്‌ കണ്ട് കരഞ്ഞുപോയി-

-അതിങ്ങനെ ആരുന്നു-

--

--

--

--

--

--

-എത്രയും പ്രിയപ്പെട്ട ടിന്റുമോന്‍, നീ ഇങ്ങനെയൊന്നും ചിന്തിക്കുകയേ അരുത്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. നീ ഭൂമിയില്‍ പത്തിരുന്നൂറോ മുന്നൂറോ വര്‍ഷം സുഖമായി ജീവിക്കണം, ഒരു ടുണ്ടുമോള്‍ പോയാല്‍ നിനക്ക് ഞാന്‍ നൂറു ടുണ്ടുനെ കൊണ്ട് തരും.

എന്ന്,
കാലന്‍
യമലോകം-

(പാവം കാലന്‍ ടിന്റുമോന്‍റെ ഈ പോസ്റ്റ്‌ കണ്ടു ഉടനെതന്നെ ഒരു ഫെസ്ബുക് അക്കൗണ്ട്‌ തുടങ്ങി ഈ കമന്റ്‌ ഇട്ടു, അങ്ങേര്‍ക്കറിയാം ഈ മൊതല് ചത്ത്‌ അങ്ങ് മോളില്‍ ചെന്നാല്‍ അവിടം കുളംതോണ്ടുമെന്ന്)

NB: ഇതൊരു തമാശയാണ്. ചിരി വന്നില്ലെങ്കിലും എല്ലാരും ഇക്കിളിയിട്ടെങ്കിലും ചിരിക്കുമെന്നു പ്രതീക്ഷിക്കുന്നു __/'\__
Sunday, December 15, 2013

അവള്‍



-ശോക ഭാവത്തില്‍ വിസയെന്ന പുതിയ കാമുകിക്കായി കാത്തിരുന്ന്, വിസ വന്നപ്പോള്‍ ആക്രാന്തത്തോടെ ഗള്‍ഫിലേക്ക് പുറപ്പെട്ട് ഒടുവില്‍ മരുഭൂമിയിലെത്തി ഏതാണ്ട് കളഞ്ഞുപോയ അണ്ണാനെ പോലെ ഗൂഗിളില്‍ കൂടി കേരളം കണ്ട് ഓര്‍മ്മകള്‍ അയവിറക്കി ജീവിക്കുന്ന ഒരു പ്രവാസിയുടെ മനസോടെ ജീവിതത്തില്‍ ഒറ്റയ്ക്ക് പകച്ചുനിന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്-

-അന്ന് ഞാനെവിടെ തിരിഞ്ഞ് നോക്കിയാലും ഗൃഹാതുരത്വം എന്ന ഭീകരജീവി എന്നെ പല്ലിളിച്ചു കാണിക്കുമായിരുന്നു. ഒരു കൂട്ടം ബന്ധങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് മനസിലൂടെ പലവുരി പ്രവാസ ജീവിതം നയിച്ച എന്‍റെ ജീവിതത്തിലേക്ക് അന്ന് പതിവില്ലാതെ ഒരു ഫോണ്‍ കോളിന്‍റെ രൂപത്തില്‍ അവള്‍ കടന്നുവന്നു. അവള്‍ എന്ന് പറയുമ്പോള്‍ നിങ്ങളില്‍ ചിലരെങ്കിലും തെറ്റിധരിച്ചേക്കാം അവളെന്‍റെ കാമുകിയാണെന്ന് പക്ഷെ ഇവള്‍ എന്‍റെ കാമുകിയല്ല.-

-അങ്ങേത്തലക്കല്‍ കിളി ശബ്ദം കെട്ട എന്‍റെ മനസിലും അന്ന് പൊട്ടി ഒരു ലഡ്ഡു. ആ പൊട്ടിയ ലഡ്ഡുവിന്‍റെ മാധുര്യം നുണഞ്ഞുകൊണ്ട് ഞാനവളോട് അന്ന് ഒരുപാടൊന്നും സംസാരിച്ചില്ലെങ്കിലും പിന്നീടെ പതുക്കെ പതുക്കെ അവളൊരു നിയോഗം പോലെ എന്നോട് അടുത്തുകൊണ്ടേയിരുന്നു. പിന്നീട് പലപ്പോഴും തമ്മില്‍ പിണങ്ങി മിണ്ടാതിരുന്നിട്ടുണ്ട് അതിപ്പോ എത്ര നാള്‍ ആണെന്ന് അവളോട്‌ ചോദിച്ചാല്‍ കൃത്യമായി പറഞ്ഞുതരും കാരണം അവളുടെ ഡയറി താളുകളില്‍ ഞാനെന്ന വ്യക്തി ഇന്നും ജീവിക്കുന്നു. ഇനിയിപ്പോ ഞാന്‍ തട്ടിപ്പോയാലും ആ ഡയറിയില്‍ ഞാനെന്നും ജീവിക്കും എന്നെനിക്കുറപ്പുണ്ട്-

-ഇന്നവള്‍ എനിക്കാരെന്ന് ചോദിച്ചാല്‍ അവള്‍ പറയുന്നതുപോലെ എനിക്കതിനൊരു ഉത്തരമില്ല. അവളുടെ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വിഷാദം മറക്കാന്‍ അവള്‍ പുഞ്ചിരി എന്ന മൂടുപടം എടുത്ത് അണിഞ്ഞെക്കുവാണെന്ന് അവളെ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. പുഞ്ചിരിയിലൂടെ കരയുന്ന, ഒരു നര്‍ത്തകിയുടെ ചിലങ്കയില്‍ നിന്ന് താളത്തിനനുസരിച്ച് ഇടവിട്ടുയരുന്ന മുഴക്കം പോലത്തെ ശബ്ദമുള്ള, ഇടവിടാതെ സംസാരിക്കുന്ന അവളെനിക്ക്‌ ആരാണ്...............?-

''--ജീവിതമെന്ന യാത്രയില്‍ പലയിടത്തുനിന്നും വീണുകിട്ടിയ ഇതുപോലുള്ള ചുരുക്കം ചില സുഹൃത്തുക്കളിലൂടെ ഞാനും അറിയുന്നു സൌഹൃതത്തിന്‍റെ മഹത്വം--''
Saturday, November 30, 2013

ഫേസ്ബുക്കും മലയാളവും


-മൊട്ടേന്നു വിരിയുന്നതിനു മുന്നേ മുടി ഓരോന്നും ആരാണ്ട് അങ്ങ് ആകാശത്ത് നിന്ന് കെട്ടി വലിക്കുന്ന പോലെ ''ഫ്രീക്ക്'' അടിച്ചു നടക്കുന്ന നമ്മുടെ ആധുനിക തലമുറയിലെ പിച്ച വെക്കുന്ന യുവ നിര, മലയാളമെന്ന ശ്രേഷ്ട്ട ഭാഷയെ കൊരച്ച് കൊരച്ച് --അരിയാന്‍-- തുടങ്ങിയപ്പോളാണ് ഓര്‍ക്ക്യൂട്ടിനെ വെട്ടിച്ചുകൊണ്ട് ഫേസ്ബുക്ക്‌ എന്ന മുഖപുസ്തകം ഓണ്‍ലൈന്‍ യുഗത്തില്‍ ഇടിച്ചുകേറി ഒന്നാമതെത്തിയത്-

-ഇന്ന് ഞാനും ഈ ഫ്രീക്ക് കുഞ്ഞുങ്ങളും അടങ്ങുന്ന എല്ലാ മലയാളികളും ഫേസ്ബുക്കില്‍ മലയാളത്തില്‍ നാലക്ഷരം എഴുതിപ്പിടിച്ചു ഒന്നാമതെത്താന്‍ മത്സരിക്കുമ്പോള്‍ ഒരിക്കല്‍ അന്യംനിന്നു പോകും എന്ന് കരുതിയ നമ്മുടെ മാതൃഭാഷക്കൊരു പുനര്‍ജ്ജന്മം കിട്ടി-

-പക്ഷെ ഒന്നെടുത്താല്‍ രണ്ട് ഫ്രീ എന്ന് പറയുന്നപോലെ മലയാള ഭാഷയ്ക്ക്‌ കുറച്ചേറെ പുതിയ പദങ്ങളും ഞങ്ങള്‍ സമ്മാനിച്ചു-

-ലൈക്കി
-കമ്മന്റി
-പോക്കി
-ബ്ലോക്കി
-പ്ലിങ്ങി
-ചാറ്റി
-പോസ്റ്റി

-അതുകൂടാതെ നമ്മുടെ ഭാഷയില്‍ ഉണ്ടായിരുന്ന ചൂണ്ടയിടല്‍, കിളികള്‍, മീനുകള്‍, വല, എന്നീ വാക്കുകള്‍ക്കു അനുയോജ്യവും വൈവിധ്യവുമാര്‍ന്ന പുതിയ അര്‍ഥങ്ങളും ഞങ്ങള്‍ സംഭാവന ചെയ്തു.-

---പക്ഷെ അപ്പോളും എട്ടിന്‍റെ പണി കിട്ടിയത് മമ്മിയും ഡാഡിയും കുപ്പിപ്പാലും കൊടുത്തു മലയാളം കൊരച്ചു പോലും അരിയാന്‍ സമ്മതിക്കാതെ വളര്‍ത്തിയ ടെസ്റ്റ്യൂബ് പിള്ളേര്‍ക്കാണ്, ബാക്കിയുള്ളോരു മലയാളത്തില്‍ പ്രണയവും, വിരഹവും, ആരാധനയും, വിമര്‍ശനവും, പണികളും കസറിയപ്പോള്‍ ഇവന്മാര്‍ ലതുപോയ അണ്ണനെ പോലെ നോക്കി നിന്നു, ഇന്നും നിക്കുന്നു, നാളെയും അതുപോലെ തന്നെ നിക്കും-

പഴമയില്‍ ചാലിച്ച ഒരാധുനിക വട്ട്

 
----------കാലം കടന്നു പോകും---------
മഴ വരും വെയില്‍ വരും, മഴയും വെയിലും
ഒന്നിച്ച് വരുമ്പോള്‍ മഴവില്ലും വരും
കൂടണഞ്ഞ കിളികള്‍ പറന്നുയരും,
രാവ് പകലിന് വഴിമാറും
ഒരു കട്ടന്‍ ബീഡി പുകഞ്ഞു തുടങ്ങുമ്പോള്‍
കയ്യിലിരിക്കുന്ന ചായക്കപ്പ് കാലിയായിത്തുടങ്ങും.

പക്ഷെ ഇതൊന്നുമറിയാതെ..............
അങ്ങകലെ കൂകിപ്പാഞ്ഞ തീവണ്ടിയിലിരുന്നു
അവളവനെ നോക്കി പ്രണയാര്‍ദ്രയായി പുഞ്ചിരിച്ചു
ആ തീവണ്ടിക്കു പുറത്തുള്ള വിജനമായ വഴി
ചെന്നവസാനിക്കുന്ന വലിയ മതിലുള്ള വീട്ടിലിരിന്നു
അവളുടെ അപ്പനും അമ്മയും അവളെ കാണാതെ
വാവിട്ടു നിലവിളിച്ചു.

ആ വീടിനു പുറകിലുള്ള മാവിലിരുന്നു ഒരു ബലിക്കാക്ക
ഉറക്കെ കരഞ്ഞു, ആ മാവിന് അരികിലിരുന്നു ആരോ
അതിനെ കൈകൊട്ടി വിളിക്കുന്നു.
ആ കൈകൊട്ടി വിളിക്കുന്ന യുവാവിന്‍റെ പുറകിലിരുന്നു
ഒരുകൂട്ടം പൊട്ടിക്കരയുന്നു, അവരുടെ പുറകിലുള്ള
വാതിലില്‍ കൂടി നോക്കുമ്പോ കാണുന്ന ഭിത്തിയില്‍
ഒരു ബാലികയുടെ മാലയിട്ട ഫോട്ടോയുടെ മുന്നില്‍
ഒരു നിലവിളക്ക് കത്തിച്ചു വച്ചിരിക്കുന്നു.

രണ്ട് വീട്ടിലും ദുഃഖം കൊഴിഞ്ഞുപോയ പെണ്‍കൊടിയെ ചൊല്ലി
പക്ഷെ ഒന്ന് അകാല മരണവും, മറ്റൊന്ന് അറിഞ്ഞുകൊണ്ട്
മരണ തുല്യമായ ജീവിതതിലേക്കുള്ള എടുത്തുചാട്ടവും.

Monday, November 4, 2013

-കാല്‍പനികതയുടെ ലോകത്ത് കമ്പികള്‍ പൊട്ടിയ വയലിനില്‍ നിന്നും ഒഴുകിയെത്തിയ അപശ്രുതി പോലെ എന്‍റെ ഹൃദയമിടിപ്പുകള്‍ ഇപ്പോളും ഉച്ചത്തില്‍ മുഴങ്ങുന്നു. പക്ഷെ അതിലെവിടെയോ എന്നോ കേട്ടുമറന്ന അമ്മയുടെ താരാട്ടു പാട്ടിന്‍റെ ഈണമുള്ളത് പോലെ തോന്നി.-

-ആ ഈണം മുഴങ്ങിക്കേട്ട ദിക്കിലേക്ക് അനിവാര്യമായ മരണത്തിന്‍റെ കൂരിരുട്ടില്‍ തപ്പിത്തടഞ്ഞ എന്‍റെ കൈകളില്‍ ആധുനികതയുടെ കെട്ടുപിണഞ്ഞ കരിനീല സര്‍പ്പം ദംശിച്ചു.-

-സിരകളില്‍ പാഞ്ഞുകയറിയ കൊടും വിഷത്തിനൊപ്പം ഞാനെന്‍റെ ആത്മാവിന്‍റെ രോദനം കേട്ടു. ബന്ധങ്ങളുടെ ബന്ധനത്തില്‍ നിസ്സഹായനായിരുന്ന അതിന്നു എന്നില്‍ നിന്നും ഓടിമറയുവാന്‍ വെമ്പല്‍ കൊള്ളുന്നു.-

-ഒടുവില്‍ കണ്ണിലേക്കു കത്തിക്കയറിയ കൂരിരുട്ടിലൂടെ ജീവിതമെന്ന മിഥ്യയില്‍ നിന്നും മരണമെന്ന സത്യത്തിലേക്ക് ഞാന്‍ നടന്നുകയറി.-
Saturday, November 2, 2013

__ഉറയറ്റ മനസിന്‍റെ തേരില്‍ കുതിക്കുന്ന 
നിറമറ്റ സ്വപ്നമേ നീയെനിക്കിന്നുമന്യ__

__കറയറ്റ സ്നേഹത്തിന്‍ നിറവില്‍ തുളുമ്പുന്ന
ഉയിരറ്റ മൌനമേ നീയെന്‍ ആത്മ മിത്രം__

__പ്രണയം തുളുമ്പുന്ന മൌനമാം തേരിലെന്‍
കനവുകള്‍ ഓരോന്നായി ഞാന്‍ പറിച്ചുനട്ടു__

__വേരറ്റ കനവുകള്‍ തേടിയലയുന്ന കൈവിട്ട
പ്രണയവും പ്രാണനും പറന്നകന്നു__

__പാറിപ്പറന്നൊടുവിലെന്‍ പ്രാണനും പ്രണയവു-
മൊരു ചുംബനത്തിന്‍റെ ദൂരത്തിലൊന്നുചേര്‍ന്നു__
Thursday, October 31, 2013
 
എനിക്ക് മരിക്കണം, വെറുതെ മരിച്ചാല്‍ പോര!

സര്‍ക്കാരിന്‍റെ ചിലവില്‍ നല്ല അന്തസായി
തൂങ്ങി മരിക്കണം.

അതിനു ഞാനാദ്യം രണ്ട് പെണ്‍കൊടികളെ
കൊല്ലണം.

വെറുതെ കൊന്നാല്‍ പോര മൃഗീയമായി പീഡിപ്പിച്ചു
കൊല്ലണം.

പക്ഷെ അപ്പോളും ഞാനതിലൊരു പെണ്‍കൊടിക്ക് അല്‍പ്പം
ജീവന്‍ ബാക്കി വെക്കണം.

എങ്കിലും അവള്‍ക്കെന്‍റെ പേര് പറയാന്‍ കഴിയരുത്‌.

കാരണം നമ്മുടെ പോലീസ് ഏമാന്മാര്‍ കുറച്ചു കഷ്ട്ട്പെട്ടെ
എന്നെ കണ്ടുപിടിക്കാവൂ.

അവര്‍ കണ്ടുപിടിച്ചാലും ഞാന്‍ സത്യം അങ്ങനെ ചുമ്മാ
ഒന്നും പറയുകേല.

പോലീസ് ഏമാന്മാര്‍ എന്നെ തല്ലി പറയിക്കണം.

താല്ലി പറയിച്ചാലും ഞാന്‍ കോടതിയില്‍ നിഷേധിക്കും

കാരണം എന്നെക്കൊണ്ട് നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ക്ക്
എന്നേലും നേട്ടം കിട്ടട്ടെ.

ഒടുവില്‍ വക്കീല്‍ ഏമാന്മാര്‍ ബുദ്ധിമുട്ടി എന്‍റെ
കുറ്റം തെളിയിച്ചാലും.

ക്യാമറക്ക്‌ മുന്നില്‍ യുദ്ധം ജയിച്ച ധീര യോധാവിനെപ്പോലെ
32 പല്ലും കാട്ടി ചിരിക്കണം.

അപ്പോളും ഉള്ളിലൊരു ടെന്‍ഷന്‍ തളം കെട്ടി കിടക്കും ഇനി
കൊടെതിയെന്നെ തൂക്കാന്‍ വിധിച്ചില്ലേലോ.

പക്ഷെ കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം അവരെന്നെ
തൂക്കാന്‍ വിധിച്ചു.

അങ്ങനെ സര്‍ക്കാരിന്‍റെ ചിലവില്‍ തൂങ്ങാന്‍ അവസരം കിട്ടിയ
ഞാന്‍ അത്യധികം സന്തോഷിച്ചു.

പക്ഷെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുപോയി
ഞാന്‍ തിന്നു കൊഴുത്ത് ഒടുക്കത്തെ ഗ്ലാമറും ആയി.

എന്നെ ആരും തൂക്കിയില്ല!!!

അന്നാദ്യമായി ഞാന്‍ ചെയ്ത തെറ്റിന് എനിക്ക് കുറ്റബോധം തോന്നി

പക്ഷെ കുറ്റബോധം തോന്നിയത്.........

അന്നേ ഞാനൊരു കയറെടുത്തു സ്വയം തൂങ്ങാതെ നമ്മുടെ
നിയമത്തില്‍ വിശ്വസിച്ചതിലാരുന്നു.
Sunday, October 20, 2013

വെറി പൂണ്ട മനസ്


-എന്നിലലിയാന്‍ കൊതിക്കുന്ന വരികളില്‍ കണ്ടു ഞാനണയാന്‍ കൊതിക്കുന്ന തിരി നാളമാം നിന്‍ വശ്യഭാവം-

-അണയും മുന്‍പേ പുഞ്ചിരിതൂകി എന്നിലലിയും നിന്‍ നിഴലിന്‍റെയൊരത്ത് നിന്നുഞാന്‍ കണ്ടു നിന്‍ മിഴികളിലെ വിഷാദ ഭാവം-

-തെന്നിയെത്തിയ ഇളം കാറ്റിലെന്‍ മൃതുവാം മനസ്സില്‍ തട്ടിയ നിന്‍ ഇളം ചൂടിലും അറിഞ്ഞു ഞാനെന്‍ നിലാവിന്‍റെ തേങ്ങല്‍-

-കൊതിക്കാതെ കൊതിച്ച സ്നേഹമെന്ന മിഥ്യയെ ഞാനൊരിക്കല്‍ക്കൂടി കണ്ടുനിന്‍ മിഴികളില്‍ നിന്നിറ്റു വീഴുന്ന ചുടു മിഴിനീര്‍ത്തുള്ളികളില്‍-

-കണ്ണുനീരിന് രക്തത്തിന്‍റെ നിറമേകിയ നിന്നെ ഞാനെന്‍ സഖിയാക്കി മാറ്റിടുമൊരിക്കല്‍കൂടി നീയെന്നിലൊരു മിഴിനീര്‍ മഴയായി പെയ്തിറങ്ങിയാല്‍-

-പക്ഷെ മനസെന്ന സത്യത്തെ വരിഞ്ഞുകെട്ടിയ നിനക്കതിനൊരിക്കലും കഴിയില്ല എന്നറിഞ്ഞുകൊണ്ടുഞാന്‍ ഊതി കെടുത്തുന്നു നിന്‍ കണ്ണുനീരാം തിരിനാളത്തെ-
Tuesday, September 24, 2013

നിലവിളക്കും ഓഞ്ഞ ബൈക്കും


-ഒരു പഴയകാല പ്രണയം-
---------------------------------
-നിലവിളക്കിന്‍റെയടുത്തു കരിവിളക്ക് വച്ചതുപോലെ തന്‍റെ ഒരിക്കലും തേക്കാത്ത പല്ല് കാട്ടി ബാബുമോന്‍ ദേവൂനെ നോക്കി പല്ലിളിച്ചുകാണിച്ചു, പതിവുപോലെ അവളവനെ നോക്കി കൊഞ്ചനം കുത്തിക്കാണിച്ചു (നീ പോടാ ശവീ എന്നര്‍ത്ഥം) കൂട്ടുകാരികളോടൊപ്പം നടന്നകന്നപ്പോള്‍ എത്ര ചീകിയിട്ടും അടങ്ങിയിരിക്കാത്ത  ബാബു മോന്‍റെ ഷോക്ക്‌ അടിച്ചതുപോലുള്ള മുടി നിരാശപൂണ്ട് തല താഴ്ത്തി-

-ന്യൂ ജെനെറെഷന്‍ പ്രണയം-
-------------------------------------
-ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നിലവിളക്ക് കാണാന്‍ ഇല്ലാത്തതുകൊണ്ട് ട്യൂബ് ലൈറ്റിന്‍റെ അടുത്ത് വോള്‍ട്ടേജ് ഇല്ലാതെ കത്തുന്ന സാദാ ബള്‍ബ് വച്ചതുപോലെ ടിട്ടു മോന്‍ തന്‍റെ ഓള്‍ട്ടെര്‍ ചെയ്ത, നമ്മുടെ കെ. എസ്. ആര്‍. ടി. സി. യെ തോല്‍പ്പിക്കുന്ന ഡിസൈന്‍ ഉള്ള ഓഞ്ഞ ബൈക്കില്‍ ചീറിപ്പഞ്ഞു വന്ന് ഒരു ''യോ-യോ'' പറഞ്ഞപ്പോളെക്കും പ്രിയമോള്‍ അവന്‍റെ ബൈക്കിന്‍റെ പുറകില്‍ കേറിയിരുന്നു ഗാഡമായി പുണര്‍ന്നുകൊണ്ട്  അവന്‍റെ പോക്കെറ്റിലെ തിളങ്ങുന്ന നോട്ടുകളെ ഒന്നൊളിഞ്ഞു നോക്കി പല്ലിളിച്ചുകാണിച്ചപ്പോള്‍ ഒരിക്കലും ചീകാത്ത ടിട്ടുമോന്‍റെ ഷോക്ക്‌ അടിച്ചതുപോലുള്ള മുടി മനസ്സില്‍ പൊട്ടിയ ലഡ്ഡു നുണഞ്ഞിറക്കുകയായിരുന്നു-
Saturday, September 14, 2013

എന്‍റെ പ്രണയം

എന്‍റെ പ്രണയം
 
നവമ്പറിലെ ഒരു സായാഹ്നത്തിലാണ് നിന്നെ ഞാനാദ്യമായി കാണുന്നത്. ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാനെന്നപോലെ ഒരിളം കാറ്റിന്‍റെ അകമ്പടിയോടുകൂടി പെയ്തിറങ്ങിയ ചാറ്റല്‍ മഴയില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ച നിന്നെ ശല്യപ്പെടുത്തിക്കൊണ്ട് പാറി പറന്ന നിന്‍റെ മുടിയാണ് ആദ്യമെന്‍റെ കണ്ണില്‍ പെട്ടത്. പിന്നീട് ആ മുടിയുടെ ഉടമയെ തേടിയെത്തിയ എന്‍റെ നോട്ടം നിന്‍റെ വിഷാദം നിറഞ്ഞ കണ്ണുകളിലെത്തി നിന്നു. ബാംഗ്ലൂര്‍ സിറ്റിയിലെ ഒരു ഉദ്യാനത്തിനോട് ചേര്‍ന്നുള്ള ബസ് സ്റ്റോപ്പില്‍ നിന്നുകൊണ്ട് നിന്‍റെ കണ്ണുകള്‍ ആരെയോ തേടുന്നുണ്ടായിരുന്നു.

ഒരുപക്ഷെ അന്ന് നിന്‍റെ കണ്ണുകള്‍ ഒരു നിമിഷം എന്‍റെ മുഖത്തേക്ക് തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ഇന്നിതെഴുതാന്‍ ഞാന്‍ ജീവനോടെ ഉണ്ടാകില്ലാരുന്നു. കാരണം മരണത്തെ മാത്രം പ്രണയിച്ചിരുന്ന എന്‍റെ മനസ്സില്‍ നീയൊരു കുളിര്‍മഴയായി പെയ്തില്ലായിരുന്നുവെങ്കില്‍ ഞാനെന്നേ ആറടി മണ്ണില്‍ നിദ്രയില്‍ ലയിച്ചേനെ. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് വഴുതിമാറിയ എനിക്ക് പ്രണയം എന്ന വാക്കിന്‍റെ സുഖവും, വേദനയും പഠിപ്പിച്ച് തന്നത് നീയാണ്.

നീയെനിക്ക് ആരായിരുന്നു എന്ന ചോദ്യത്തിന് ഞാന്‍ കണ്ടെത്തിയ ഉത്തരം, നീയെനിക്കൊരു കൊച്ചു കുട്ടിയെപ്പോലെ ആയിരുന്നു. എപ്പോളും എന്‍റെ വിരലില്‍ തൂങ്ങി വാ തോരാതെ വര്‍ത്താനം പറഞ്ഞോണ്ട് നടക്കുന്ന നിന്‍റെ മുഖം ഒരു കൊച്ചു കുട്ടിയുടെതുപോലെ ഓമനത്തം നിറഞ്ഞതായിരുന്നു. ഏകാന്തമായ വഴികളിക്കൂടി നിന്നോട് ചേര്‍ന്ന് നടക്കുമ്പോള്‍ എനിക്കിഷ്ട്ടം വിഷാദം നിറഞ്ഞ നിന്‍റെ കണ്ണുകള്‍ പറയുന്ന കഥകള്‍ കേള്‍ക്കാനായിരുന്നു. അപ്പോളൊക്കെ നീയറിയാതെ ഞാന്‍ നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ ഒരിക്കല്‍ യാധ്യാര്‍ത്യമാകുമെന്നു വിചാരിച്ച എനിക്ക് തെറ്റിയെന്നു തിരിച്ചറിഞ്ഞപ്പോലെക്കും ഏറെ വൈകിപ്പോയിരുന്നു.

ഒരു കൊച്ചുകുട്ടിയെപ്പോലെ മാത്രം എന്നോട് സംസാരിച്ചിരുന്ന നീ അന്ന് വളരെ പക്വതയോടെ സംസാരിക്കുന്നതായി തോന്നി. അന്ന് നിന്‍റെ കണ്ണുകളില്‍ വിഷാദത്തിന് പകരം ഞാന്‍ കണ്ടത് പുച്ഛമായിരുന്നു, എന്‍റെ ജീവനെക്കാളെറെ നിന്നെ സ്നേഹിച്ച എന്‍റെ പ്രണയത്തോടുള്ള പുച്ഛം. എന്‍റെ പ്രണയം നിനക്കൊരു ബാധ്യതയാണെന്നു പറഞ്ഞ നിമിഷം എന്‍റെ കണ്ണുകളില്‍ ഇരുട്ട് കേറിയിരുന്നു. ആ ഇരുട്ടറകളുടെ കോണുകളിലെവിടെയൊ പണ്ട് ഞാനുപേക്ഷിച്ച മരണം എന്ന എന്‍റെ പ്രണയിനിയെ ഞാന്‍ വീണ്ടും കണ്ടു.

ഇന്ന് നീയെവിടെയെന്നുപോലും എനിക്കറിയില്ല പക്ഷെ ഒരിക്കല്‍ എന്‍റെ മനസ്സില്‍ ചാറ്റല്‍ മഴയായ് പെയ്തിറങ്ങിയ നിന്നെ തേടി മഴ പെയ്യുന്ന എല്ലാ രാവുകളിലും ഡയറി താളുകളില്‍ കോറിയിട്ട എന്‍റെ ഹൃദയവുമായി ഞാന്‍ കാത്തിരിക്കാറുണ്ട്, മഴയെ പ്രണയിക്കുന്ന നിലാവായി.
ജോബിന്‍ പോള്‍ വര്‍ഗീസ്‌
Saturday, August 10, 2013

ഒരു കുരുന്നിന്‍റെ വിലാപം (Stop Abortion)


 
കാലം ഉരുവാക്കിയെന്നെ ഏതോ ഇരുട്ടറയില്‍
ചുറ്റും കെട്ടുപിണഞ്ഞ രക്തക്കുഴലുകള്‍
മുങ്ങിക്കിടക്കുന്നതോ വെള്ളത്തിലും
പുക്കിള്‍ക്കൊടിയുടെ ബന്ധനം ഒഴികെ
ഞാന്‍ സ്വതന്ത്രന്‍
തിരിയാം മറിയാം വേണമെങ്കിലൊന്നു
ചാടി തുള്ളാം അപ്പൊളമ്മ അടങ്ങിയിരി
എന്ന് ശാശിക്കും.
കാഴ്ചയുണ്ടെന്നു അറിയാതെ കണ്ടു
ഞാനാ അത്ഭുതലോകം
ഞാനിന്നു സുരക്ഷിതനായി കിടക്കുന്ന
എന്‍റെ ലോകം
പക്ഷെ ഞാന്‍ കേട്ടുതുടങ്ങി
ചില അപ്രിയസത്യങ്ങള്‍
നിശയുടെ അന്ത്യ യാമങ്ങളില്‍
പോലും തേങ്ങലിന്‍റെയും നെടുവീര്‍പ്പിന്‍റെയും
നിലക്കാത്ത മാറ്റൊലികള്‍.
നമുക്കിതുവേണ്ട എന്നലറിയപ്പോള്‍
അറിഞ്ഞിരുന്നില്ല വേണ്ടാത്തത്
എന്നെയാണെന്ന്
പാഴായി കുരുത്തൊരു പുല്‍നാമ്പ്
പോലെ ഞാന്‍ നോക്കി എന്നമ്മയെ
അരുതെയെന്നു യാചിച്ചു
കൊല്ലരുതെയന്നു അപേക്ഷിച്ചു
ഒടുവില്‍ തന്‍റെ തുടിപ്പുകള്‍ പകുത്തു നല്‍കിയ
അമ്മയും മൊഴിഞ്ഞു നമുക്കിത് വേണ്ട.
മരുന്നിന്‍റെ ഗന്ധം തങ്ങി നില്‍ക്കുന്ന
മുറിയില്‍ നിന്നു ഞാന്‍ കേട്ടു
എന്നെക്കൊല്ലാന്‍ വരുന്ന കാലടികള്‍
ആദ്യമായ് ഞാന്‍ തേടി
ഒരു ഒളിത്താവളം പക്ഷെ
അപ്പോളേക്കും എന്നെ നുറുക്കുവനെത്തിയ
കത്രികയില്‍ കുടുങ്ങിയ എന്‍റെ കാലുകള്‍
അവ അറുത്തെടുത്തു
പിന്നീട് കൈകളും
ഒടുവിലെന്നെ വലിച്ചെടുത്തു
പുറത്തേക്കിട്ടപ്പോള്‍ ഞാന്‍ കണ്ടു,
എന്നെ ഞാനാക്കി കൊല്ലാന്‍
എല്പ്പിച്ചുകൊടുത്ത എന്‍റെ അമ്മയെന്ന സ്ത്രീയെ.
അപ്പോള്‍ എന്നെ സ്വീകരിക്കാന്‍
കാത്തുനിന്ന മാലാഖമാരോപ്പം
പരന്നുയരുമ്പോള്‍ ഞാനെന്‍റെ അമ്മയുടെ
കാതിലിങ്ങനെ മന്ത്രിച്ചു

''വിടരും മുന്‍പേ കൊഴിക്കുവാനായിരുന്നെങ്കില്‍ എന്തിനു നീയെനിക്ക് ജീവനേകി''
Tuesday, August 6, 2013

ഇത്തിരിപ്പൂവ്



 ഇത്തിരിപ്പൂവിനു ജന്മം നല്‍കുവാനൊരു-
ചെടിയായി ജനിച്ചു ഞാന്‍.
ഇത്തിരിപ്പൂവിനു നാണം അകറ്റുവാനൊരി-
ലയായ് ജനിച്ചു ഞാന്‍.
ഇത്തിരിപ്പൂവ് വളൊര്‍ന്നോരാ വേളയില-
വളെ കാക്കുവാനൊരു മുള്ളായി ജനിച്ചു ഞാന്‍.
ഇത്തിരിപ്പൂവിനു വിടരുവാനിതളുകളായി ജനിച്ചു ഞാന്‍.
ഇത്തിരിപ്പൂവിനു ദാഹമകറ്റുവാന്‍ തേനായൊഴുകി ഞാന്‍.
ഒടുവില്‍ ഇത്തിരിപ്പൂവ് കൊഴിന്ജോരാ വേളയില്‍ ജീവനറ്റു-
നിന്നു ഞാനെങ്കിലും അരുതെയോന്നോതി കാത്തിരുന്നു
-----നിന്‍ പുനര്‍ജന്മത്തിനായി-----
Thursday, August 1, 2013

നിത്യസത്യം


..........നീയെന്നോട്‌ പറഞ്ഞ ഓരോ നുണകളും എന്‍റെ മനസ്സില്‍ നീ നിനക്കായി കുഴിച്ച കുഴിയുടെ ആഴം കൂട്ടുന്നത്‌ നീയറിഞ്ഞില്ല..........

..........എന്നില്‍ നിന്നു നീ പിന്നിലേക്ക്‌ വച്ച ഓരോ കാലടിയും എന്‍റെ ഹൃദയത്തില്‍ നീ നിനക്കായി കുഴിച്ച കുഴിയുടെ ആഴം കൂട്ടുന്നതും നീയറിഞ്ഞില്ല..........

..........ഒടുവില്‍ നീ കുഴിച്ച കുഴിയില്‍ വീണെന്നെ നോക്കി പിടയുന്ന നീയെന്ന മിഥ്യയെ ഞാനുമറിഞ്ഞില്ല. അനിവാര്യമല്ല എന്നറിഞ്ഞുകൊണ്ടു ചോദിച്ചു വാങ്ങിയ മരണം നിന്നെ വിഴുങ്ങുമ്പോള്‍ ഞാനൊന്ന് പുഞ്ചിരിച്ചു..........

..........കാരണം നീയിപ്പോള്‍ വെറും മണ്ണ് മാത്രം..........

..........എങ്കിലും വേടന്‍റെ അമ്പേറ്റു പിടഞ്ഞുതീര്‍ന്ന തന്‍റെ ഇണയെ വിട്ടു അകലേക്ക്‌ പറന്നകലുന്ന ഒരു പ്രാവിന്‍റെ മനസോടെ ഞാനും നടന്നകന്നു..........

..........മിഥ്യയെന്ന നിന്നില്‍ നിന്നും മരണമെന്ന സത്യത്തിലേക്ക്..........
Monday, July 29, 2013

മത്തായി ചേട്ടനും , കണ്‍വെന്‍ഷനും



നമ്മുടെ തോമസ്‌ അച്ഛന്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ സെന്‍റെര്‍ ആണ് വേദി, അച്ഛന്‍ മുന്നിലിരിക്കുന്ന എല്ലാ കുഞ്ഞാടുകളെയും ദൈവത്തിന്‍റെ വഴിക്ക് നയിക്കുവാന്‍ പാപത്തെക്കുറിച്ചുള്ള ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നു. അച്ഛന്‍റെ മുന്നിലിരിക്കുന്ന ഓരോ കുഞ്ഞാടും ഓരോ പാപം കേക്കുമ്പോളും അടുത്തിരിക്കുന്ന കുഞ്ഞാടിനെ നോക്കി പുചിച്ചു ചിരിച്ചുകൊണ്ട് വീണ്ടും അടുത്ത പാപം ഏതെന്നറിയാന്‍ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ അച്ഛനെ നോക്കിയിരുന്നു

അച്ഛന്‍ പതിവ് പോലെ പത്തു കല്‍പ്പനകളില്‍ പിടിച്ചുകൊണ്ടാണ് പാപത്തെക്കുറിച്ചു ക്ലാസ് എടുത്തുകൊണ്ടിരുന്നത്. അച്ഛന്‍ പത്തു കല്‍പ്പനകളില്‍ ഒമ്പതാമത്തെ കല്‍പ്പന മുന്നിലിരിക്കുന്ന കുഞ്ഞുആടുകളെ നോക്കി ശാന്തമായി പറഞ്ഞു

''സഹോദരരെ ഇതാണ് ഒമ്പതാമത്തെ കല്‍പ്പന - നീ അന്യന്‍റെ ഭാര്യയെ മോഹിക്കരുത്''

ഇതുപറഞ്ഞു അച്ഛന്‍ ആ പാപതെക്കുറിച്ച് ഒരു ചെറു വിവരണം നല്‍കാന്‍ വാ തുറക്കുകയും മുന്നിലത്തെ നിരയില്‍ അഞ്ചാമത്തെ സീറ്റില്‍ സാമാന്യം മോശമില്ലാതെ ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന മത്തായി ചേട്ടന്‍ ഞെക്കുമ്പോ തുറക്കുന്ന കുടപോലെ ചാടി എഴുന്നേല്‍ക്കുകയും ഒരുമിച്ചായിരുന്നു. ഇതുകണ്ട രസികനായ അച്ഛന്‍ മത്തായി ചേട്ടനോട് ചോദിച്ചു.

''എന്നാ പറ്റി മത്തായിചെട്ടാ ഉറക്കത്തിനിടയില്‍ വല്ല മൂട്ടയും കടിച്ചോ............?''

മത്തായി ചേട്ടന്‍ : ''അതല്ലച്ചോ എനിക്കൊരു സംശയം ചോദിക്കാനുണ്ട്''

ഒരാളേലും തന്‍റെ ക്ലാസ്സ്‌ കേക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് ഹാപ്പി ആയ അച്ഛന്‍ അതുപുറത്തു കാണിക്കാതെ ഗൌരവത്തോടെ ചോദിച്ചു

''ആട്ടെ. മത്തായി ചേട്ടാ എന്നതാ ചേട്ടന്‍റെ സംശയം......?''

മത്തായി ചേട്ടന്‍ : ''അച്ചോ ഈ ഒമ്പതാമത്തെ കല്‍പ്പനയില്‍ എന്നാത്തിനാ അന്യന്‍റെ ഭാര്യയെ മോഹിക്കാന്‍ പാടില്ലാ എന്ന് മാത്രം പറഞ്ഞെക്കുന്നെ.......? അപ്പൊ അതിനര്‍ത്ഥം  പെണ്ണുങ്ങക്ക് അന്യരുടെ ഭര്‍ത്താക്കന്മാരെ മോഹിക്കാം എന്നല്ലായോ.............?''

അപ്പോളാണ് മത്തായിചെട്ടന്‍ ഉറക്കത്തില്‍ നിന്നു ചാടിയെണീറ്റത് തനിക്കിട്ടു എട്ടിന്‍റെ പണിതരാന്‍ ആണെന്ന് അച്ഛന് മനസിലായത്, എങ്കിലും തനതു പുഞ്ചിരിയോടെ അച്ഛന്‍ പറഞ്ഞു

''അത് ഞാന്‍ പറഞ്ഞുതരാം തല്‍ക്കാലം മത്തായി ചേട്ടന്‍ അവിടിരുന്നാട്ടെ''

ഇത് കേട്ട താമസം, മത്തായി ചേട്ടന്‍ നിവര്‍ത്തിയ കുട മടക്കിയതുപോലെ തന്നെ അച്ഛന്‍ പറയുന്നത് കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്നു.

കുറച്ചു നേരം ആ ചിരി നിര്‍ത്താതെ മനസ്സില്‍ കര്‍ത്താവിനെ വിളിച്ചുകൊണ്ടു അച്ഛന്‍ പറഞ്ഞു തുടങ്ങി- ''മത്തായി ചേട്ടന്‍ ഇന്നീ കണ്‍വെന്‍ഷനു വരുവെന്നും, എന്നോടീ ചോദ്യം ചോദ്യം ചോദിക്കുവെന്നും കര്‍ത്താവിന് നേരത്തെ അറിയാരുന്നു''

ഇത്രയും പറഞ്ഞുനിര്‍ത്തിയ അച്ഛന്‍ അതുകേട്ടു വാ പൊളിച്ചിരുന്ന മത്തായി ചേട്ടനെ നോക്കി ഇങ്ങനെ ചോദിച്ചു.

''ഞാന്‍ മത്തായി ചെട്ടനോടൊരു ചോദ്യം ചോദിച്ചാ ചേട്ടന്‍ സത്യം പറയാവോ...............?''

മത്തായി ചേട്ടന്‍ : '' ആ പറയാം അച്ചോ''

അച്ഛന്‍ : ''മത്തായി ചേട്ടന്‍റെ കയ്യില്‍ ഉള്ളപ്പോ മത്തായി ചേട്ടന് ഒരു വിലയും തോന്നാത്തതും എന്നാല്‍ മറ്റൊരാളുടെ കയ്യില്‍ കാണുമ്പോ ആഗ്രഹിക്കുന്നതുമായ ഒരു സാധനത്തിന്‍റെ പേര് പറയാവോ...?''

മത്തായി ചേട്ടന്‍ : ആ പറയാം അച്ചോ, അങ്ങനെ എനിക്ക് തോന്നിയ ഒരു സാധനത്തിന്‍റെ പേരാണ് ഭാര്യ''

ഇതുകേട്ട് ചിരിച്ച സദസ്സിനോപ്പം തനിക്കുവന്ന ചിരി പുറത്തു കാണിക്കാതെ അച്ഛന്‍ ചോദിച്ചു.

''അപ്പൊ മത്തായി ചേട്ടന്‍റെ ഭാര്യയോടു ഇതേ ചോദ്യം ചോദിച്ചാ പുള്ളിക്കാരി വീട്ടില്‍ വച്ച് പറഞ്ഞാലും ഇത്രയും പേരുടെ മുന്നില്‍ വച്ച് അങ്ങനെ പറയൂന്നു തോന്നുന്നുണ്ടോ......?''

പെണ്ണുമ്പുള്ളയെ ഒന്ന് നോക്കിയശേഷം മത്തായി ചേട്ടന്‍ പറഞ്ഞു

''ഇല്ലച്ചോ''

അപ്പൊ അച്ഛന്‍ പറഞ്ഞു - ''അതാണ്‌ മത്തായി ചേട്ടോ ദൈവത്തിനറിയാം ആണുങ്ങള്‍ പരസ്യമായി അന്ന്യന്‍റെ ഭാര്യയെ മോഹിക്കുകയും, ചില സ്ത്രീകള്‍ മാത്രം രഹസ്യമായി അന്യരുടെ ഭര്‍ത്താക്കന്മാരെ മോഹിക്കുകയും ചെയ്യുമെന്ന്. അതുകൊണ്ടാണ്‌ ദൈവം ഒമ്പതാമത്തെ കല്‍പ്പന 'അന്യന്‍റെ ഭാര്യയെ മോഹിക്കരുത്' എന്നെഴുതിവച്ചത്‌. എന്തെന്നാല്‍ ആണുങ്ങള്‍ മൊത്തം ഈ കല്‍പ്പന പാലിച്ച് മറ്റുള്ളോരുടെ ഭാര്യമാരെ നോക്കാതിരുന്നാല്‍ പിന്നെ സ്ത്രീകള്‍ മോഹിചാലും രക്ഷയില്ലല്ലോ. മത്തായി ചേട്ടോ ഇത് ദൈവം പുരുഷന്മാര്‍ക്ക് തന്നൊരു അവസരമാണ്, അപ്പൊ ഇനി മത്തായി ചേട്ടന്‍ അന്യന്‍റെ ഭാര്യയെ മോഹിക്കുവോ....?"

മത്തായി ചേട്ടന്‍ : ''ഇല്ലച്ചോ''

അച്ഛന്‍ : ''അപ്പൊ മത്തായി ചേട്ടന് കാര്യം പിടികിട്ടി. അങ്ങനെ എല്ലാവര്‍ക്കും ഒമ്പതാമത്തെ കല്‍പ്പന പിടികിട്ടി എന്ന വിശ്വാസത്തോടെ നമുക്ക് അടുത്തതിലേക്ക് നീങ്ങാം''

ഇതുകേട്ട് അടുത്തുള്ള കുഞ്ഞാടിനെ നോക്കി പുച്ചിച്ച് ചിരിക്കാതെ എല്ലാ കുഞ്ഞാടുകളും അച്ഛനെ നോക്കിപുഞ്ചിരിച്ചു

അതുകണ്ട് അച്ഛന്‍ അന്നത്തെ പ്രസംഗം വേഗം മതിയാക്കി പള്ളി മേടയിലേക്ക് ഓടിയപ്പോള്‍ മത്തായി ചേട്ടന്‍റെ മനസ്സില്‍ മുഴുവന്‍ വീട്ടില്‍ വെട്ടുകത്തിയുമായി നിക്കുന്ന കെട്ടിയവളുടെ മുഖമായിരുന്നു

Saturday, July 20, 2013
 
അറിയാതെ മൂളിയ പാട്ടിന്‍റെ ഈണമായി
എന്‍ കനവുകളില്‍ പെയ്ത മഴയുടെ താളമായി
എന്‍ മിഴികളില്‍ തുളുമ്പിയ മിഴിനീരിന്‍റെ ചൂടുമായി
എന്‍ ചുണ്ടുകളില്‍ മിന്നിമാഞ്ഞ പുഞ്ചിരിയുടെ രാഗമായി
എന്‍ തൂലികയില്‍ പടര്‍ന്ന വരികളുടെ അര്‍ത്ഥമായി

നീ വരില്ലേ

എന്‍ മനസിലെക്കൊരു മഞ്ഞുതുള്ളിയുടെ കുളിരുമായി.........?
Friday, July 19, 2013

പുഞ്ചിരി



ജീവിത്തിന്‍റെ രുചി ഉപ്പുരസമാണ്‌. പുറമേ നിന്ന് നോക്കുമ്പോള്‍ കാണുന്ന ഓരോ ചിരിയുടെ പുറകിലും ചുടു കണ്ണുനീരിന്‍റെ നനവുണ്ടാകും. ആ രുചി അറിയാത്തവന്‍ മനുഷ്യനല്ല, കാരണം അതാണ്‌ ജീവിതം.

പ്രിയ സുഹൃത്തേ ഇതാ നിനക്ക് ഞാനെന്‍റെ പുഞ്ചിരി സമ്മാനമായി തരുന്നു കാരണം എനിക്ക് നിന്‍റെ ചുണ്ടുകളിലെ പുഞ്ചിരിയായി ജീവിക്കാനാണിഷ്ട്ടം.

പക്ഷെ അത് നിനക്കൊരു ബാധ്യതയായി തോന്നുമ്പോള്‍ ചവറ്റുകുട്ടയിലേക്ക് വലിചെറിയാതെ നീയെന്‍റെ കല്ലറയില്‍ വന്ന് തിരിച്ചു തന്നോളൂ. എന്തെന്നാല്‍ ഞാനെന്‍റെ ജീവന്‍ ത്യജിച്ചാണ് ആ പുഞ്ചിരി നിന്‍റെ ചുണ്ടുകളിലേക്ക് പകര്‍ന്ന് തന്നത്...!!!
Tuesday, June 25, 2013

ഒരു ഭ്രാന്തന്‍ ചിന്ത


മൌനതില്‍ക്കൂടെ നല്‍കുന്ന മറുപടികള്‍ക്ക് ആയുധതെക്കാളും തൂലികയെക്കാളും മൂര്‍ച്ച കൂടും എന്തെന്നാല്‍ എന്‍റെ ഹൃദയവിചാരങ്ങള്‍ ഞാന്‍ പറയാതെ നീയറിയുന്നു....!!
Thursday, June 6, 2013