എന്‍റെ ക്രിസ്ത്മസ് test site Monday, December 23, 2013 No Comment


-അങ്ങനെ എന്‍റെ 26-മത്തെ ക്രിസ്ത്മസും വരവായി. പണ്ട് കുട്ടിക്കാലത്ത് ഡിസംബര്‍ മാസം രാവിലെ എണീക്കുക എന്നത് ഒരുപാട് മടിയുള്ളൊരു കാര്യമായിരുന്നു. പക്ഷെ അതിലും മടി ആ അസ്ഥിയിലേക്ക് കുത്തിയിറങ്ങുന്ന തണുപ്പില്‍ കുളിക്കുക എന്നതായിരുന്നു. കുളിച്ചു യൂണീഫോം ഒക്കെയിട്ട് സ്കൂളില്‍ പോകുമ്പോള്‍ ഉള്ളം കയ്യൊക്കെ തണുത്ത് മരവിചിരിക്കും, ഇടയ്ക്കു വീണുകിട്ടുന്ന ഇളം വെയിലില്‍ പോകാന്‍ മടിച്ചു നില്‍ക്കുന്ന കാമുകിയെപ്പോലെ എന്നെ പുണരുന്ന കുളിരിനോടൊട്ടി കുറച്ചു നേരം അങ്ങനെ നില്‍ക്കുമാരുന്നു-

-പരീക്ഷയൊക്കെ കഴിഞ്ഞു ക്രിസ്ത്മസിനു മുന്നേ ഉള്ള ദിവസങ്ങള്‍ അന്നത്തെ എന്‍റെ സ്വര്‍ഗമായിരുന്നു, ക്രിസ്ത്മസ് തലേന്ന് രാവിലെ ചന്തക്ക് പോകും പിന്നെ ഇറച്ചി കടയുടെ മുന്നിലെ നീണ്ട ക്യൂവിലുള്ള നില്‍പ്പാണ്, ചിലപ്പോള്‍ മണിക്കൂറുകളോളം നിക്കേണ്ടി വരും. അതുകഴിഞ്ഞ് കള്ളപ്പം ഉണ്ടാക്കാനുള്ള കള്ളു വാങ്ങാനായി ഒരല്‍പം പേടിയോടെ കള്ളുഷാപ്പിലേക്കുള്ള പോക്ക്-

-അതുകൊണ്ട് വീട്ടില്‍ കൊടുത്ത് വീണ്ടും ടൌണിലേക്ക് ഓടും, പടക്കങ്ങളും , കമ്പിത്തിരികളും, മത്താപ്പൂവും, പുല്‍ക്കൂട്ടില്‍ തൂക്കാനുള്ള ബലൂണുകളും ഒക്കെ വാങ്ങി പോയതിലും സ്പീഡില്‍ വീട്ടില്‍ തിരിച്ചെത്തും-

-ഈറ്റ കമ്പുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ പുല്‍ക്കൂട്‌ അപ്പുറത്തെ പശു ഉള്ള വീട്ടില്‍ നിന്നും മേടിച്ച കച്ചി പുല്ലു കൊണ്ട് മേയും, പുല്‍ക്കൂട്ടിനുള്ളില്‍ മണല് വിതറി പ്ലാസ്റ്റിക് കൂട് കൊണ്ട് അരുവിയുണ്ടാക്കി ഉണ്ണിയെശുവിനെയും, മാതാവിനെയും, ഔസേപ്പിതാവിനെയും, ആടുകളെയും ആട്ടിടയന്മാരെയുമൊക്കെ അതാതു സ്ഥാനങ്ങളില്‍ വെക്കും. മാലാഖയെ നൂലില്‍ കെട്ടിതൂക്കിയിടും. പിന്നീട് മേടിച്ച ബലൂണ്‍ വീര്‍പ്പിച്ചു എല്ലായിടത്തും തൂക്കും-

-ഒരിടത്ത് മിന്നുമ്പോള്‍ അപ്പുറത്ത് കെടുന്ന ബള്‍ബുകള്‍ കൊണ്ട് പുല്‍ക്കൂടും അതിനടുത്തായി കമ്പികളില്‍ പടര്‍ന്നു കയറിയ എവര്‍ഗ്രീന്‍ ചെടിയും അലങ്കരിക്കും, രാത്രിയാകുമ്പോള്‍ ഇടയ്ക്കിടക്ക് ഞാനുണ്ടാക്കിയ പുല്‍ക്കൂടിനു മുന്നില്‍ ചെന്ന് നിന്ന് അതിന്‍റെ സൌന്ദര്യം ആസ്വദിക്കുമ്പോള്‍ കിട്ടിയിരുന്ന ആ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല-

-പിന്നെ മേടിച്ച പടക്കങ്ങള്‍ പൊട്ടിച്ചു തീര്‍ക്കുകയാണ് അടുത്ത ജോലി, അതിലും ഞാന്‍ തന്നെയായിരുന്നു മുന്നില്‍. അതിനടയില്‍ ചെണ്ടയും കൊട്ടി പാട്ടും പാടി വരുന്ന കാരോള്‍ സന്‍ഖത്ത്തിലെ ക്രിസ്ത്മസ് അപ്പൂപ്പനെ ഇമ വെട്ടാതെ നോക്കി നിക്കും, വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞു നില്‍ക്കുന്ന പുല്‍ക്കൂടും, തണുപ്പും, പൊട്ടിതീര്‍ന്ന പടക്കങ്ങളുടെ ചിതറി കിടക്കുന്ന അവശിഷ്ട്ടങ്ങളും, അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന അവയുടെ വെടിമരുന്നിന്‍റെ ഗന്ധവും എല്ലാം എല്ലാം ഒരോര്‍മ്മ മാത്രമായി-

-ഇന്ന് പുല്‍ക്കൂടും, ക്രിസ്ത്മസ് ട്രീയും എന്തിനേറെ നമ്മളടക്കം റെഡിമെയിഡ് ആണ്. ക്രിസ്ത്മസ് രാവുകളില്‍ തണുപ്പിനു പകരം കൊടും ചൂടാണ്. എല്ലാം യാന്ത്രികമായി ആഘോഷിച്ചു എന്ന് വരുത്തി തീര്‍ക്കാനുള്ള നെട്ടോട്ടവും. ഇന്ന് ഒരു കുപ്പി കള്ളിലും ഫേസ്ബുക്കിലുമാണ് നമ്മുടെ ക്രിസ്ത്മസ് ആഘോഷങ്ങള്‍-

-എന്തായാലും എല്ലാവര്‍ക്കും എന്‍റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളില്‍ കുതിര്‍ന്ന റെഡിമെയിഡ് ക്രിസ്ത്മസ് ആശംസകള്‍-
by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

No Comment

വളരെ നന്ദി