എന്നെ മയക്കിയ ആ പുഞ്ചിരി !! test site Sunday, April 28, 2013 No Comment


ഒരു നിലാവ് പെയ്യുന്ന രാത്രിയിലാണ് ഞാനവളെ ആദ്യമായി കണ്ടത്. ആ വഴിവിളക്കിന്‍റെ ചുവട്ടില്‍ അവള്‍ ബസ്‌ കാത്ത് നില്‍ക്കുകയായിരുന്നു. പുഞ്ചിരി തുളുമ്പി നില്‍ക്കുന്ന ചുണ്ടുകള്‍, പക്ഷെ ആ പുഞ്ചിരിയിലൂടെ അവള്‍ എന്തൊക്കെയോ മറക്കുന്നുണ്ടെന്നു തോന്നി. ആ പുഞ്ചിരിയാണ് ഇന്നത്തെ എന്നെ ഞാനാക്കി മാറ്റിയത്.

അതൊരു ബസ്‌ സ്റ്റോപ്പ്‌ ആയിരുന്നു. അവിടെ കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവില്‍ നക്ഷത്രങ്ങല്‍ക്കിടയിലെ ചന്ദ്രബിംബം എന്നപോലെ അവളുടെ പുഞ്ചിരി മുന്നിട്ടു നിന്നു. ഞാനവളുടെ അരികില്‍ പോയി നിന്നപ്പോള്‍, അവളോട്‌ ഒന്ന് സംസാരിക്കുവാന്‍ എന്‍റെ മനസ് ഒരുപാട് ആഗ്രഹിച്ചെങ്കിലും എന്‍റെയുള്ളിലെ അപകര്‍ഷതാ ബോധം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. പക്ഷെ എപ്പോളോ വീണ്ടുകിട്ടിയ ധൈര്യത്തില്‍ ഞാനവളോട് ഒരു ഹായ് പറഞ്ഞു.

പീഡനം ഒരു ഹോബി ആക്കിയ നമ്മുടെ ഇന്ത്യയില്‍ എന്നെപ്പോലൊരു ചെറുപ്പക്കാരന്‍ സന്ധ്യാസമയത്ത് ചെന്ന് ഹായ് പറയുമ്പോള്‍ ഏതൊരു പെണ്‍കുട്ടിയും ചെയ്യുന്നതുപോലെ അവള്‍ മുഖം വക്രിച്ചു എന്നെ രൂക്ഷമായൊന്നു നോക്കി. പണ്ട് ന്യൂട്ടന്‍ ആപ്പിള്‍ മരത്തിന്‍റെ കീഴില്‍ ഇരുന്നില്ലായിരുന്നെങ്കില്‍ ഗുരുത്വാകര്‍ഷണം കണ്ടു പിടിക്കില്ലായിരുന്നല്ലോ എന്ന് ചിന്തിച്ചുകൊണ്ട്‌ ഞാവവളുടെ അടുത്ത് നിന്നു. പക്ഷെ ആപ്പിളിന് പകരം ഞാന്‍ പ്രതീക്ഷിച്ചു ചെരുപ്പ് ആരുന്നു.

പക്ഷെ എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടതുപോലെ അപ്പോള്‍ പെട്ടെന്നൊരു കാര്‍ അതിലെ പോവുകയും, അതിന്‍റെ ശക്തിയില്‍ വീശിയ കാറ്റിലെ പൊടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ പെട്ടെന്ന് പുറകോട്ടു നീങ്ങി നില്‍ക്കുകയും ചെയ്തു. പക്ഷെ നീങ്ങി നിന്നവഴിക്കു അവള്‍ എന്നെ അറിയാതെയൊന്നു തട്ടി. പെട്ടെന്ന് അവള്‍ എന്നെ നോക്കി ഒരു സോറി ചോദിക്കാന്‍ തുടങ്ങുന്നതിനു മുന്നേ ഞാനവളോടൊരു സോറി ചോദിച്ചു. അതുകേട്ട് അവളൊന്നു പുഞ്ചിരിച്ചു.

ആ പുഞ്ചിരിയില്‍ വീണ്ടുകിട്ടിയ പ്രചോദനത്തില്‍ ഞാനവളോട് സംസാരിക്കാന്‍ തുടങ്ങി. പൊതുവേ ആരെയും സംസാരിച്ചു വീഴ്ത്താന്‍ കഴിവില്ലാത്ത എന്‍റെ സംസാരം അവള്‍ക്കിഷ്ട്ടപ്പെട്ടതുപോലെ തോന്നി. ഞാനവളോട് വാ തോരാതെ സംസരിച്ചുവെങ്കിലും അവള്‍ മറുപടികളില്‍ പലതും ഒരു പുഞ്ചിരിയില്‍ ഒതുക്കി. ഒരാണ് ചിരിച്ചാല്‍ അതിനു ഒരു അര്‍ത്ഥവും, ഒരു പെണ്ണ് ചിരിച്ചാല്‍ അതിനു ഒരായിരം അര്‍ത്ഥങ്ങളും ഉണ്ടാകും എന്ന് എവിടെയോ കേട്ടിട്ടുള്ളതുകൊണ്ടു ഞാനവളോട് അതിനെക്കുറിച്ച് കൂടുതലൊന്നും ചോദിച്ചില്ല.

എന്‍റെ പല ചോദ്യങ്ങളും അവളെ വേദനിപ്പിക്കുന്നുണ്ടെന്ന് അവളുടെ കണ്ണുകള്‍ എന്നോട് പറഞ്ഞുവെങ്കിലും അതവള്‍ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവച്ചു. ആദ്യ കാഴ്ചയില്‍ തോന്നുന്ന പ്രണയത്തിനു എത്രത്തോളം ആഴമുണ്ടാകും എന്നറിയില്ലായിരുന്നുവെങ്കിലും. എനിക്കവളോട്, അല്ല അവളുടെ പുഞ്ചിരിയോട്‌ തോന്നിയത് അങ്ങനൊരു പ്രണയമായിരുന്നു. പക്ഷെ സംസാരത്തിനിടയില്‍ എവിടെയോ അവള്‍ പ്രണയത്തെ വെറുക്കുന്നു എന്ന് പറഞ്ഞതിനാല്‍ ഞാന്‍ എന്‍റെ പ്രണയത്തെ എന്‍റെ ഹൃദയമാകുന്ന ചില്ലുകൂട്ടില്‍ ഒളിപ്പിച്ചു വച്ചു.

പക്ഷെ ഞാന്‍ പറയാതെ അവളെന്നെ അറിയുന്നുണ്ടായിരുന്നു. അവളതു ദ്വയാര്‍ത്ഥമുള്ള വാക്കുകളില്‍ കൂടി പ്രകടിപ്പിക്കുകയും ചെയ്തു. ഒരു കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ അവളെന്നോട് വാ തോരാതെ സംസാരിക്കാന്‍ തുടങ്ങി. ഇവള്‍ എന്‍റെ പെണ്ണാണ് എന്ന് മനസ്സില്‍ ആരോ പറയുന്നുണ്ടെങ്കിലും അവളുടെ പുഞ്ചിരി മായാതിരിക്കാന്‍ ഞാനത് മറച്ചു വച്ചു. കാരണം അത്രയും സമയംകൊണ്ട് അവളെനിക്കു ആരൊക്കെയോ ആയിത്തീര്‍ന്നിരുന്നു. അവളിലെ എന്‍റെ കാമുകിയെക്കാളേറെ അവളിലെ സുഹൃത്തിനെ ഞാന്‍ ആഗ്രഹിച്ചു.

പക്ഷെ എപ്പോഴോ എന്‍റെ വായില്‍  നിന്ന് അറിയാതെ വീണുപോയ എന്‍റെ പ്രണയത്തിനു അവള്‍ വീണ്ടും ഒരു പുഞ്ചിരിയിലൂടെ ഉത്തരം നല്‍കി. എങ്കിലും ആ പുഞ്ചിരിയില്‍ അവള്‍ ഒളിപ്പിച്ചുവച്ചത് എനിക്ക് മനസിലാക്കാന്‍ പാകത്തിനുള്ള അവളുടെ പ്രണയമായിരുന്നു. പക്ഷേ കണ്ടും കേട്ടും കൊതിതീരുന്നതിനു മുന്നേ അവള്‍ കാത്തുനിന്ന ബസ്‌ എത്തിക്കഴിഞ്ഞിരുന്നു. ആ ഡ്രൈവറെ മനസ്സില്‍ പ്രാകിക്കൊണ്ട്‌ അവളോട്‌ ബൈ പറയുമ്പോള്‍ എന്‍റെ ഹൃദയം അവള്‍ പറിചെടുത്തുകൊണ്ട് പോകുന്നതുപോലെ തോന്നി.

ഒടുവില്‍ ആര്‍ക്കോ വായുഗുളിക വാങ്ങാനെന്ന പോലെ ആ ബസ്‌ മുന്നോട്ടെടുത്തപ്പോള്‍ അവളെന്നെ തിരിഞ്ഞുനോക്കി. ആപ്പോള്‍ ആ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നെങ്കിലും ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു...... എന്നോട് പറയാതെ ബാക്കിവെച്ച അവളുടെ സങ്കടങ്ങളുടെ കൂടെ എന്നോടുള്ള പ്രണയവും ഒളിപ്പിച്ചു അവള്‍ പോയി..........

by Jobin Paul Varghese ( നിലാമഴ )

ഞാന്‍, മഴയെ പ്രണയിക്കുന്ന, സ്വപ്നങ്ങളുടെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു രാപ്പാടി

Follow Me @ Twitter | Facebook | Google Plus | Whatsap : +91- 9656543048

Tags:

No Comment

വളരെ നന്ദി